അഡ്ലെയ്ഡ്: പത്ത് വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. ഓസ്ട്രേലിയൻ മണ്ണിൽ 2008-ന് ശേഷം ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി കോലിയും സംഘവും. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 31 റൺസ് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. 322 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതിന് മുമ്പ് 2007-2008 ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണിൽ അവസാന ടെസ്റ്റ് വിജയം നേടിയത്. അന്ന് പെർത്തിൽ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്.. ഒരു കലണ്ടർ വർഷത്തിൽ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരിൽ ചേർത്തു.ആദ്യ ഇന്നിങ്സിൽ 123 റൺസും രണ്ടാമിന്നിങ്സിൽ 71 റൺസും നേടിയ പൂജാരയാണ് കളിയിലെ താരം സ്കോർ: ഇന്ത്യ-250 & 307, ഓസ്ട്രേലിയ-235, 291 നാല് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റൺസെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റിൽ മാർഷ് ടിം പെയ്നുമായി ചേർന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാൻ നോക്കി. ഇരുവരും 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 60 റൺസെടുത്ത മാർഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 73 പന്തിൽ 41 റൺസടിച്ച് സ്കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും കുമ്മിൻസും വാലറ്റത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. 41 റൺസുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാർക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തിൽ 28 റൺസ് നേടിയ കുമ്മിൻസ് ബുംറയ്ക്ക് മുന്നിൽ മുട്ടുമടക്കി. എന്നാൽ അവസാന വിക്കറ്റിൽ ഹെയ്സെൽവുഡും ലിയോണും വീണ്ടും കാര്യങ്ങൾ ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവിൽ ഹെയ്സെൽവുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിൻ ആ ചെറുത്തു നിൽപ്പും അവസാനിപ്പിച്ചു. 38 റൺസുമായി ലിയോൺ പുറത്താകാതെ നിന്നു. Photo Courtesy: ICC ആരോൺ ഫിഞ്ച് (11), മാർക്ക്സ ഹാരിസ് (26), ഉസ്മാൻ ഖ്വാജ (8), ഹാൻഡ്സ്കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു രണ്ടാമിന്നിങ്സിൽ അർദ്ധ സെഞ്ചുറിയുമായി രഹാനേയും പൂജാരയും നേരത്തെ 15 റൺസിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ 307 റൺസടിച്ചു. നാലാം ദിനം മൂന്നിന് 151 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 156 റൺസ് കൂട്ടിച്ചേർക്കുന്നതിനടിയിൽ ശേഷിക്കുന്ന ഏഴ് വിക്കറ്റുകൾ കൂടി നഷ്ടമായി. ഇതിലും മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് കൂച്ചുവിലങ്ങിട്ടത് ആറു വിക്കറ്റ് നേടിയ നഥാൻ ലിയോണിന്റെ പ്രകടനമാണ്. മധ്യനിരയിൽ അജിങ്ക്യ രഹാനെയൊഴികെ ബാക്കിയെല്ലാവരും പരാജയമായി. രഹാനെ 147 പന്തിൽ ഏഴു ഫോറടക്കം 70 റൺസ് നേടി. പൂജാര 204 പന്തിൽ 71 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ്മ (1), ഋഷഭ് പന്ത് (28), അശ്വിൻ (5), ഇഷാന്ത് ശർമ്മ (0), മുഹമ്മജ് ഷമി (0) എന്നിങ്ങനെയാണ് നാലാം ദിനം പുറത്തായ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. 18 റൺസെടുത്ത മുരളി വിജയ്, 44 റൺസെടുത്ത കെ.എൽ രാഹുൽ, 34 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. നഥാൻ ലിയോൺ 42 ഓവറിൽ 122 റൺസ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഹെയ്സെൽവുഡിനാണ്. ഇതോടെ രണ്ടിന്നിങ്സിലുമായി ലിയോൺ എട്ട് വിക്കറ്റെടുത്തപ്പോൾ ഹെയ്സെൽവുഡ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്കിന്റെ അക്കൗണ്ടിൽ അഞ്ച് വിക്കറ്റുണ്ട്. ഓസീസിനായി ഒന്നാമിന്നിങ്സിൽ ട്രാവിസ് ഹെഡിന്റെ ചെറുത്തു നിൽപ്പ് ബുംറയുടേയും അശ്വിന്റേയും ബൗളിങ് മികവിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 235 റൺസിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റിന് 191 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയായിരുന്നു. Photo Courtesy: Twitter മിച്ചൽ സ്റ്റാർക്കിനെ (15) ബുംറയും ട്രാവിസ് ഹെഡിനേയും (72) ഹെയ്സെൽവുഡിനേയും (0) മുഹമ്മദ് ഷമിയും പുറത്താക്കി. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ ഷമിയും ഇഷാന്ത് ശർമ്മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 167 പന്തിൽ ആറു ഫോറിന്റെ അകമ്പടിയോടെ 72 റൺസടിച്ച ട്രാവിസ് ഹെഡാണ് ഓസീസിന്റെ സ്കോർ 200 കടത്തിയത്. ഹെഡ് തന്നെയാണ് ടോപ്പ് സ്കോററും. കരിയറിലെ രണ്ടാമത്തെ മാത്രം അർദ്ധ സെഞ്ചുറി കണ്ടെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ ക്ഷമാപൂർവ്വം നേരിടുകയായിരുന്നു. ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ആരോൺ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശർമ്മ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാൻ പോലുമായില്ല. പിന്നീട് മാർകസ് ഹാരിസും ഉസ്മാൻ ഖ്വാജയും ചേർന്ന് ഓസീസിനെ കര കയറ്റാൻ നോക്കി. എന്നാൽ 45 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഹാരിസിനെ പുറത്താക്കി അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 57 പന്തിൽ 26 റൺസായിരുന്നു ഹാരിസിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ഷോൺ മാർഷിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തിൽ രണ്ട റൺസെടുത്ത മാർഷിനേയും അശ്വിൻ പുറത്താക്കി. അടുത്ത ഊഴം ഉസ്മാൻ ഖ്വാജയുടേതായിരുന്നു. 125 പന്ത് നേരിട്ട് ക്ഷമാപൂർവ്വം ബാറ്റുവീശിയ ഖ്വാജ 28 റൺസെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ്. ഇതോടെ നാല് വിക്കറ്റിന് 87 റൺസെന്ന നിലയിലായി ഓസീസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പും ഹെഡും ഒത്തുചേർന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 റൺസുമായി ഹാൻഡ്സ്കോമ്പ് മടങ്ങിയതോടെ ക്രീസിലെത്തിയ ടിം പെയ്ൻ വേഗത്തിൽ പുറത്തായി. അഞ്ച് റൺസായിരുന്നു സമ്പാദ്യം. തുടർന്ന് ഏഴാം വിക്കറ്റിൽ ഹെഡ്, കുമ്മിൻസുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. Photo Courtesy: Twitter ഒന്നാമിന്നിങ്സിൽ ഇന്ത്യയെ രക്ഷിച്ചത് പൂജാര പൂജാര പുറത്തെടുത്ത സെഞ്ചുറി പ്രകടനമാണ് ഒന്നാമിന്നിങ്സിൽ ഇന്ത്യയെ രക്ഷിച്ചത്. ടെസ്റ്റിന്റെ ആദ്യ ദിനം തകർന്നു തരിപ്പണമായ ഇന്ത്യയെ ചേതേശ്വർ പൂജാര കര കയറ്റുകയായിരുന്നു. ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ക്ലാസ് ഇന്നിങ്സുമായി പൂജാര പിടിച്ചുനിന്നു. മൂന്നാമതായി ഇറങ്ങി 231 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 123 റൺസാണ് പൂജാര നേടിയത്. പൂജാരയുടെ 16-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. അമ്പത് റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റൻ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ ക്രീസിലെത്തിയ പൂജാര ഒരുഭാഗത്ത് ചെറുത്ത് നിൽപ്പ് നടത്തുമ്പോഴും മറുഭാഗത്ത് ഇടവേള വിട്ട് വിക്കറ്റുകൾ വീണുകൊണ്ടോയിരുന്നു. 37 റൺസെടുത്ത രോഹിത് ശർമ്മയും 25 റൺസെടുത്ത ഋഷഭ് പന്തും മാത്രമാണ് പൂജാരയെ കൂടാതെ മുൻനിര ബാറ്റ്സ്മാൻമാരിൽ ചെറുതായെങ്കിലും പോരാടിയത്. വാലറ്റത്ത് അശ്വിനും 25 റൺസ് കൂട്ടിച്ചേർത്തു. ഓസീസിന് വേണ്ടി ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കുമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. Content Highlights: India vs Australia First Test Cricket Day 5
from mathrubhumi.latestnews.rssfeed https://ift.tt/2GaZIVi
via
IFTTT