അഡ്ലെയ്ഡ്: ഋഷഭിന്റെ പേരിനൊപ്പം മാത്രമല്ല പന്തുള്ളത്, ഹൃദയത്തിൽ കൂടിയാണ്. ക്രിക്കറ്റ് പന്തിനോട് അത്രയ്ക്ക് പ്രിയമാണ് ഋഷഭിന്. അഡ്ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ക്യാച്ചുകളുടെ എണ്ണത്തിൽ ലോക റെക്കോഡ് പ്രകടനമാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ പുറത്തെടുത്തത്. മഹേന്ദ്ര സിങ് ധോനിയുടെ പിൻഗാമിയായി ഓസീസ് മണ്ണിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ടെസ്റ്റിൽ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്! ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും. ഇതോടെ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെന്ന റെക്കോഡിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാക്ക് റസ്സലിനും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ എബി ഡിവില്ലിയേഴ്സിനും ഒപ്പമെത്തി ഇന്ത്യൻ താരം. 1995-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബർഗിലാണ് റസ്സൽ 11 ക്യാച്ചെടുത്തത്. 2013ൽ പാകിസ്താനെതിരെ ജോഹന്നാസ്ബർഗിലായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം. രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ നഥാൻ ലിയോണിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കിൽ റെക്കോഡ് ഋഷഭിന് ഒറ്റക്ക് സ്വന്തമാക്കാമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഉസ്മാൻ ഖ്വാജ, പീറ്റർ ഹാൻഡ്സ്കോംപ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ ക്യാച്ചു സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്സിൽ ആരോൺ ഫിഞ്ച്, റയാൻ ഹാരിസ്, ഷോൺ മാർഷ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരെയും ക്യാച്ചിലൂടെ പുറത്താക്കി. ക്യാച്ചുകളുടെ എണ്ണത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ റെക്കോർഡും ഇനി ഋഷഭിന്റെ പേരിലാണ്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ 10 ക്യാച്ചു സ്വന്തമാക്കിയ വൃദ്ധിമാൻ സാഹയുടെ റെക്കോർഡാണ് ഋഷഭ് മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന മഹേന്ദ്രസിങ് ധോനിയുടെ റെക്കോഡും ഋഷഭ് സ്വന്തമാക്കി. 2014ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ധോനി നേടിയ ഒൻപതു ക്യാച്ചുകളുടെ റെക്കോർഡാണ് യുവതാരം മറികടന്നത്. നേരത്തെ, ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തമാക്കിയിരുന്നു. അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസീസിന്റെ ആറു ക്യാച്ചുകൾ കയ്യിലൊതുക്കിയാണ് ഋഷഭ് റെക്കോഡിട്ടത്. Content Highlights: Rishabh Pant equals world record for most catches in a Test India vs Australia
from mathrubhumi.latestnews.rssfeed https://ift.tt/2C01V1U
via
IFTTT