Breaking

Monday, December 10, 2018

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ ഏറ്റെടുക്കാം

മട്ടന്നൂർ: തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേരളം. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്. കേന്ദ്രം കൈയൊഴിഞ്ഞാൽ ഏറ്റെടുത്ത് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. ആ നിലയ്ക്ക് സ്ഥലം സംസ്ഥാനസർക്കാരിന്റേതാണ്. വിമാനത്താവളനടത്തിപ്പിൽ കേരളത്തിന് മതിയായ പരിചയവുമുണ്ട്. അതിനാൽ സ്വകാര്യവത്കരണതീരുമാനം ഉപേക്ഷിച്ച് കേരളത്തിന് കൈമാറണം. കേരളം പ്രത്യേക കമ്പനി രൂപവത്കരിച്ച് നടത്തിപ്പുചുമതല നിർവഹിക്കും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ ഒഴിവാക്കണം. അതും വേണ്ടിവന്നാൽ ഏറ്റെടുക്കാൻ തയ്യാറാണ്. ശബരിമല തീർഥാടകരുടെ സൗകര്യാർഥം വിമാനത്താവളം നിർമിക്കാൻ അനുമതി നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ എയർപോർട്ട് അതോറിറ്റി ജീവനക്കാർ ഉൾപ്പെടെ സമരരംഗത്താണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തെ പുകഴ്ത്തി മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രണ്ടുതവണ കണ്ട് വിദേശസർവീസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു. നല്ല പ്രതികരണവും തുടർചലനങ്ങളുമുണ്ടായി. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും വ്യോമയാനവകുപ്പ് സെക്രട്ടറിയും പ്രത്യേക താത്പര്യമെടുത്ത് സഹായിച്ചു.-മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിന് ചിറകുമുളച്ചു മട്ടന്നൂർ: ഏപ്രണിൽ സജ്ജീകരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും. ഒപ്പം സഹമന്ത്രിമാരും മറ്റ് ജനപ്രതിനിധികളും. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനം വിമാനത്താവളത്തിന്റെ ടാക്സിബേയിൽ ചിറകുവിരിച്ച് തയ്യാറായിനിന്നു. 10.13-ഓടെ ആയിരങ്ങളുടെ സ്വപ്നവുംപേറി കണ്ണൂരിലെ റൺവേയിൽനിന്ന് വിമാനം പറന്നുയുർന്നു. അന്താരാഷ്ട്ര വ്യോമയാനഭൂപടത്തിലേക്ക് കണ്ണൂർ ചിറകുവീശിപ്പറന്നപ്പോൾ കൈയടികളോടെയും ആർപ്പുവിളികളോടെയും ഉദ്യോഗസ്ഥരും നാട്ടുകാരും സാക്ഷികളായി. 185 പേരെ ഉൾക്കൊള്ളുന്ന ബോയിങ് 737-800 വിമാനത്തിൽ ഒരുമണിക്കൂർ മുമ്പുതന്നെ യാത്രക്കാരെ കയറ്റിയിരുന്നു. വൻ വരവേൽപ്പാണ് ആദ്യ യാത്രക്കാർക്ക് ടെർമിനൽ കെട്ടിടത്തിൽ നൽകിയത്. ആയിരങ്ങൾ കൈവീശി ഇവരെ യാത്രയാക്കി. പൈലറ്റുമാരായ വിവേക് കുൽക്കർണി, മിഹിർ മഞ്ജരേക്കർ എന്നിവരാണ് വിമാനം പറത്തിയത്. ആദ്യവിമാനത്തിന്റെ ടേക്ക് ഓഫിനുമുമ്പ് മൂന്ന് ചെറുവിമാനങ്ങൾ വിമാനത്താവളത്തിലിറങ്ങി. വ്യോമസേനയുടെ രണ്ടുവിമാനങ്ങളും വ്യവസായി എം.എ. യൂസഫലിയുടെ സ്വകാര്യവിമാനവും. വ്യോമസേനയുടേതടക്കം മൂന്ന് ഹെലികോപ്ടറുകളും വിമാനത്താവളത്തിലെത്തി. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ടെർമിനൽ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിർവഹിച്ചു. Content Highlights:cm pinarayi,thiruvananthapuram, kozhikode Airports


from mathrubhumi.latestnews.rssfeed https://ift.tt/2BZLVwR
via IFTTT