താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ബാറിൽ മദ്യപിക്കാനെത്തിയ ആളെ ബാറിനുപുറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ചമൽ പൂവൻമല വീട്ടിൽ റിബാഷ് (40)ആണ് മരിച്ചത്. സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ബാറിൽ എത്തിയതായിരുന്നു റിബാഷ്. മദ്യപിച്ചശേഷം ബാറിനുപുറത്തുെവച്ച് സെക്യൂരിറ്റി ജീവനക്കാരോട് വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ റിബാഷിന്റെ കഴുത്തിൽ അടിച്ചതായി പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തിൽ റിബാഷ് താഴെവീണു. ഇതോടെ ഇയാൾ അബോധാവസ്ഥയിലായി. രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായ ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുപകരം സെക്യൂരിറ്റി ജീവനക്കാർ ബാറിനുമുറ്റത്ത് അരികിലേക്ക് മാറ്റിക്കിടത്തി. തുടർന്ന് രാത്രി പന്ത്രണ്ടുമണിയോടെ റിബാഷിന്റെ മുഖത്തും തലയിലും വെള്ളമൊഴിച്ചശേഷം ബാറിന്റെ പുറത്ത് ദേശീയപാതയോരത്തെ കടത്തിണ്ണയിൽ എടുത്തുകിടത്തി. ശനിയാഴ്ച പുലർച്ചെ പത്രമിടാൻ വന്നയാളാണ് കടത്തിണ്ണയിൽ റിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് കുറേ ചെരുപ്പുകൾ എടുത്തുവച്ചിരുന്നു. അടിപിടി നടന്നെന്ന് വരുത്താനാണ് ഇത് ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ബാറിലെ ജീവനക്കാരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരിലേക്ക് സംശയം നീണ്ടത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന വടകര ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എം. സുബൈർ സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാറിലെ സി.സി.ടി.വി. ക്യാമറയുടെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ റിബാഷിനെ മർദിക്കുന്ന ദൃശ്യം ലഭ്യമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു. Content Highlights:Thamarassery, Bar, Murder
from mathrubhumi.latestnews.rssfeed https://ift.tt/2G8tha6
via
IFTTT