ഗുവാഹട്ടി: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. സമനിലയോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. ഇത്രയും മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്താണ്. മത്സരത്തിൽ 70 ശതമാനത്തോളം സമയം പന്ത് കൈവശം വെച്ചിട്ടും വെറും രണ്ടു ഷോട്ടുകൾ മാത്രമാണ് നോർത്ത് ഈസ്റ്റിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. ഇതിനിടെ 30-ാം മിനിറ്റിൽ മുമ്പിലെത്താനുളള അവസരം എ.ടി.കെ നഷ്ടമാക്കി. എവർട്ടൺ സാന്റോസിന്റെ ലോങ് പാസ് സ്വീകരിച്ച ബൽവന്ത് സിങ്ങിന് പക്ഷേ ഗോളി പവൻ കുമാറിനെ മറികടക്കാനായില്ല. ആദ്യ പകുതിയിലുടനീളം കളിക്ക് വേഗം കുറവായിരുന്നു. ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങൾക്ക് മുതിരാതിരുന്നതിനാൽ മത്സരം പലപ്പോഴും വിരസമായി. 49-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഡിഫൻഡർ ഗുർവീന്ദർ സിങ്ങിന്റെ പിഴവിൽ നിന്ന് എ.ടി.കെ സ്കോർ ചെയ്യേണ്ടതായിരുന്നു. പന്തു ലഭിച്ച മാനുവൽ ലാൻസരോട്ടെ ഗോളിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗോൾ കീപ്പർ പവൻ കുമാർ രക്ഷയ്ക്കെത്തി. രണ്ടാം പകുതിയിലും കാര്യമായ ആക്രമണങ്ങൾ ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 81-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും കൊൽക്കത്തയ്ക്ക് അതും ഗോളിലേക്ക് വഴിതിരിച്ചുവിടാൻ സാധിച്ചില്ല. ഇൻജുറി ടൈമിൽ നോർത്ത് ഈസ്റ്റിന് റഫറി പെനാൽറ്റി നിഷേധിച്ചതും വിനയായി. Content Highlights: ISL NorthEast United play goalless draw against ATK
from mathrubhumi.latestnews.rssfeed https://ift.tt/2rql0UT
via
IFTTT