Breaking

Tuesday, March 16, 2021

സിംഗൂരിലും നന്ദിഗ്രാം മോഡൽ; മമതയുടെ മുന്‍ വിശ്വസ്തനും നിലവിലെ വിശ്വസ്തനും തമ്മില്‍ പോരാട്ടം

ന്യൂഡൽഹി: നന്ദിഗ്രാമിനു പിന്നാലെ ബംഗാളിലെ സിംഗൂരിലും കനത്ത പോരാട്ടം. മമതാ ബാനർജിയുടെ മുൻ വിശ്വസ്തനും നിലവിലെ വിശ്വസ്തനും തമ്മിലാണ് ഏറ്റുമുട്ടൽ. 2006-ൽ സിംഗൂരിൽ കാർ നിർമാണ ഫാക്ടറിക്കായി കൃഷിസ്ഥലമേറ്റെടുക്കുന്നതിൽ പ്രതിഷേധിച്ചുയർന്ന കർഷക പ്രക്ഷോഭത്തിന്റെ മുൻനിര പോരാളികളായിരുന്ന രബീന്ദ്രനാഥ് ഭട്ടാചാര്യയും ബെചാരാം മന്നയുമാണ് ചേരിതിരിഞ്ഞ് മത്സരിക്കുന്നത്. രണ്ടുപേരും മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു. രബീന്ദ്ര നാഥ് ഭട്ടാചാര്യ ബി.ജെ.പി. സ്ഥാനാർഥിയും ബെചാരാം മന്ന ടി.എം.സി. സ്ഥാനാർഥിയും. മമതയുടെ താവളങ്ങൾ അവരുടെ മുൻ വിശ്വസ്തരെ ഉപയോഗിച്ച് പിടിച്ചടക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. ബംഗാളിൽ പ്രയോഗിക്കുന്നത്. നന്ദിഗ്രാമിൽ മമതയുടെ ദീർഘകാല വിശ്വസ്തനും ടി.എം.സി. യിലെ മുതിർന്ന നേതാവുമായിരുന്ന സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. സിംഗൂരിലും സമാന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. 89 വയസ്സുകാരനായ ഭട്ടാചാര്യയെ പ്രായാധിക്യം ചൂണ്ടിക്കാട്ടി മമത ഇക്കുറി ഒഴിവാക്കിയതാണ്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബി.ജെ.പി.യിൽ ചേർന്ന ഭട്ടാചാര്യ സിംഗൂരിൽ മമതക്കെതിരേ അന്നുതന്നെ പോരാട്ടം പ്രഖ്യാപിച്ചിരുന്നു. സിംഗൂർ പ്രക്ഷോഭത്തിൽ ഭട്ടാചാര്യയുടെ സഹപ്രവർത്തകനായിരുന്നു ബെചാരാം മന്ന. റിട്ട. സ്കൂൾ അധ്യാപകനായ ഭട്ടാചാര്യ നാലുവട്ടം ടി.എം.സി.യുടെ എം.എൽ.എ.യായിരുന്നു. മമതാമന്ത്രിസഭയിൽ കൃഷി ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. content highlights:Singur Constituency, Becharam Manna VS Rabindranath Bhattacharjee


from mathrubhumi.latestnews.rssfeed https://ift.tt/3lrPrVN
via IFTTT