Breaking

Thursday, April 1, 2021

പിണറായിയുടെ മുന്നറിയിപ്പ് സത്യമാകുമോ? തിരഞ്ഞെടുപ്പിന് മുന്‍പ് പൊട്ടാനിരിക്കുന്ന ആ ബോംബുകള്‍ ഏതൊക്കെ?

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ചൂടുകൂടിയതോടെ രാഷ്ട്രീയക്കാറ്റിന്റെ ഗതിമാറ്റുന്ന ചില പൊട്ടിത്തെറികൾ പ്രതീക്ഷിക്കുകയാണ് കേരളം. പോലീസ് രഹസ്യാന്വേഷണ വിഭാഗംതന്നെയാണ് ഇത്തരമൊരു സൂചന ആദ്യംനൽകിയത്. ഇനിയുള്ള ദിവസങ്ങളിൽ പല ബോംബും പൊട്ടാനിടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അത് പരസ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ, 'ബോംബി'ന്റെ ഉറവിടം കണ്ടെത്താൻ പോലീസിലെ ഇന്റലിജൻസ് വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. അഞ്ചുദിവസമാണ് ഇനി തിരഞ്ഞെടുപ്പിൽ ബാക്കിയുള്ളത്. ഇതിനിടെ സംഭവിക്കുന്ന ഏതുകാര്യത്തിനും ജനത്തിന്റെ മനസ്സുമാറ്റാനുള്ള ശേഷിയുണ്ടാകുമെന്നതാണ് മുന്നണികളെ അസ്വസ്ഥമാക്കുന്ന ഘടകം. ആശങ്ക കൂടുതൽ എൽ.ഡി.എഫിനാണ്. വോട്ടർമാരിൽ ഭൂരിപക്ഷത്തിനും ഭരണാനുകൂലമനസ്സാണെന്ന പ്രവചനമാണ് എല്ലാസർവേകളും നടത്തിയത്. ഇത് മാറാതിരിക്കുകയെന്നത് എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതാണ് 'ബോംബി'നെച്ചൊല്ലി ആധിയേറ്റുന്നത്. ഇടതുക്യാമ്പിൽ പ്രതിരോധത്തിനുള്ള കരുതൽ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പംതന്നെ തുടങ്ങിയിട്ടുണ്ട്. 'ബോംബ്' വന്ന വഴി തുടർഭരണവും ഇടതുപക്ഷത്തിന് 'ഈസി വാക്കോവറും' നൽകുന്നതായിരുന്നു സംസ്ഥാന ഇന്റലിജൻസ് നൽകിയ ആദ്യ സൂചന. സ്ഥാനാർഥികൾ കളത്തിലിറങ്ങി പ്രചാരണത്തിന് മൂർച്ചകൂടിയതോടെ അത്ര ഈസിയല്ല കാര്യങ്ങളെന്ന നിലയിലേക്ക് ഇന്റലിജൻസ് നിലപാടുമാറി. ഇതിനൊപ്പമാണ്, അവസാനലാപ്പിൽ അട്ടിമറിക്ക് കാരണമാകുന്ന ചില 'സ്ഫോടനങ്ങൾ' സംഭവിച്ചേക്കാമെന്ന സൂചന അവർ നൽകിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമീപദിവസങ്ങളിൽ നടത്തിയ ചില പരാമർശങ്ങൾ വെളിപ്പെടുത്താൻ എന്തോ കാത്തുവെച്ചിട്ടുണ്ടെന്ന തോന്നൽ നൽകുന്നതായിരുന്നു. പുറത്തുവിടാൻ പലതും ഇനിയുമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതെന്താണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമവും രഹസ്യാന്വേഷണം വിഭാഗംനടത്തി. ഇതോടെ, 'ബോംബ് ഭീഷണി' വീണ്ടും കനത്തു. രാഷ്ട്രീയത്തിൽ ആയുധവും അപകടവും ഒരുമുഴംമുമ്പേ തിരിച്ചറിഞ്ഞ് നേരിടുന്നതാണ് നേതാക്കളുടെ വിജയരഹസ്യം. അതാണ് 'ബോംബ്' രഹസ്യം പരസ്യമാക്കി പിണറായി പ്രയോഗിച്ചത്. വരാനിരിക്കുന്ന ബോംബ് കേന്ദ്ര ഏജൻസികളിൽനിന്നായാലും പ്രതിപക്ഷത്തുനിന്നായാലും അതിന്റെ ആഘാതം ഇടതുപക്ഷത്തിനാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ്, കരുതിവെച്ച ബോംബിനെ നനഞ്ഞപടക്കമാക്കാൻ പിണറായി വെള്ളം കോരി ഒഴിച്ചത്. ഇടതുക്യാമ്പിൽ പ്രതിരോധം കേന്ദ്ര ഏജൻസികളുടെ നീക്കത്തെയാണ് ഇടതുക്യാമ്പ് പ്രധാനമായും സംശയിക്കുന്നത്. അതിനാൽ, 'ബോംബ്' വരുംമുമ്പേ നിർവീര്യമാക്കാനുള്ള മറുമരുന്ന് അവർ തയ്യാറാക്കി. സ്വർണക്കടത്ത് കേസിലെ പ്രതികളുടേതെന്ന പേരിൽ പുതിയമൊഴികൾ, പെരിയ കേസിൽ സി.പി.എം. നേതാവിനെ സി.ബി.ഐ. അറസ്റ്റുചെയ്യൽ, മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ മകൾക്കോ എതിരായി കേന്ദ്ര ഏജൻസികളുടെ എന്തെങ്കിലും നടപടി -ഇവയാണ് പ്രതീക്ഷിക്കുന്ന 'ബോംബു'കളിൽ ചിലത്. ഇതിനുള്ള ആസൂത്രണം കോൺഗ്രസ്-ബി.ജെ.പി. നേതാക്കൾതമ്മിൽ നടത്തിയിട്ടുണ്ടെന്നാണ് ഇടതുപക്ഷ ഗ്രൂപ്പുകളിലെ സന്ദേശം. ഇതു പ്രചരിപ്പിച്ച് ആ ആസൂത്രണവും പൊളിക്കാനാണ് ഇടതുപ്രവർത്തകരുടെ ശ്രമം. Content Highlights:expected political explosion before the election, Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3m7WLGq
via IFTTT