Breaking

Wednesday, March 17, 2021

തമിഴ്നാട്ടിൽ ഏപ്രിലിൽ സ്‌കൂളടയ്ക്കില്ല

ചെന്നൈ: സംസ്ഥാനത്ത് ഏപ്രിലിൽ സ്‌കൂളുകൾ അടയ്ക്കില്ലെന്ന് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ്. ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്‌കൂളുകൾക്ക് അവധി നൽകിയേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനാൽ സ്‌കൂളുകൾ അടയ്ക്കുമെന്ന് സാമൂഹികമാധ്യമങ്ങളിലും പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്. ഇപ്പോഴത്തേതുപോലെ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പധികൃതർ അറിയിച്ചു. വ്യാജപ്രചാരണങ്ങൾ വിദ്യാർഥികളും രക്ഷിതാക്കളും വിശ്വസിക്കരുത്. ലോക്ഡൗൺ നിയന്ത്രണങ്ങൾകാരണം ഒരുപാട് ക്ലാസുകൾ നഷ്ടപ്പെട്ടതിനാൽ പാഠഭാഗങ്ങൾ തീർക്കേണ്ടതുണ്ട്. ചില സ്കൂളുകളിൽ വിദ്യാർഥികൾക്ക് കോവിഡ് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും കോവിഡ് ജാഗ്രതാനിർദേശങ്ങൾ കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരിമുതലാണ് സംസ്ഥാനത്ത് സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചത്. കോവിഡ് സ്ഥിതി പരിഗണിച്ച് നേരത്തേ ഒൻപത്, പത്ത്, പ്ലസ് വൺ വിദ്യാർഥികളുടെ വാർഷികപരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു. എല്ലാവരെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കും. എന്നാൽ, പ്ലസ്ടു വിദ്യാർഥികൾക്ക് പൊതുപരീക്ഷ നടത്തുന്നുണ്ട്. മേയ് മൂന്നിന് ആരംഭിച്ച് 21 വരെയാണ് പ്ലസ്ടു പരീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/2Noxkn1
via IFTTT