Breaking

Tuesday, March 16, 2021

വൈകിപ്പോയ പിൻവിളികൾ, കണ്ണീരുപ്പുണങ്ങാതെ ഒരു പകൽ

കോട്ടയം: രാഷ്ട്രീയവ്യത്യാസമില്ലാതെ നേതാക്കളുടെ വിളി... പ്രവർത്തകരുടെ സങ്കടം... ലതികാ സുഭാഷ് അതീവസങ്കടത്തോടെ മനസ്സ് ഒഴിച്ചിട്ടു. നാട്ടിലെ പ്രവർത്തകർ പറയുന്നത് എന്താണെന്നറിയാൻ... അവരുടെ ആവശ്യം ലതികാ സുഭാഷ് സ്വതന്ത്രസ്ഥാനാർഥിയാവുകയെന്നതാണ്. അത് അംഗീകരിച്ച് അവർ ഏറ്റുമാനൂരിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി, തലമുണ്ഡനം ചെയ്ത് വ്യത്യസ്തമായ രാഷ്ട്രീയമറുപടിക്കുപിന്നാലെ വിയോജിപ്പിന്റെ മറ്റൊരു രാഷ്ട്രീയഇടത്തിലേക്ക്. അതിരാവിലെ നിലപാട് അന്വേഷിച്ചെത്തിയ മാധ്യമങ്ങളോട് അവർ പറഞ്ഞത് തലേന്ന് പറഞ്ഞവതന്നെ. പിന്നാലെ വേദനിക്കുന്ന പ്രതികരണങ്ങളാണ് നേതാക്കളിൽനിന്ന് വന്നത്. ലതിക മറ്റൊരു സീറ്റ് വേണ്ടെന്ന് പറഞ്ഞതിനാലാണ് ഒരു സീറ്റും കിട്ടാതെപോയതെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്ക്ക്് മറുപടി പറഞ്ഞത് കരുതലോടെ. ഒരു സീറ്റും തനിക്ക് നീട്ടിയിരുന്നില്ലെന്ന് വിനയത്തോടെ മറുപടി. വൈപ്പിനിലും തയ്യാറായിരുന്നു. അതും തന്നില്ല. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫോൺ പോലും എടുത്തില്ല. ഇനി അപ്പക്കഷണത്തിനായി കാത്തിരിക്കാനില്ലെന്നും മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്നും അവർ ആവർത്തിച്ചു. 11.00 AM എല്ലാവരും കാത്തിരുന്ന ആ സന്ദർശനം. ഏറ്റുമാനൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്. മുതിർന്ന വനിതാ നേതാവിനെ അദ്ദേഹം വന്ദിച്ചു. വളരെ ആദരവോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. 'വരൂ... വരൂ... രാജകുമാരാ' എന്ന സംബോധനയോടെ. ലതിക മത്സരിച്ചാൽ ക്ഷീണം യു.ഡി.എഫിനെന്ന് അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചു. വൈകിപ്പോയെന്ന് ലതിക. അനുനയസമയം കഴിഞ്ഞു. നേതാക്കളൊന്നും വിളിച്ചില്ലെന്നും അവർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് പോകുന്നതെന്ന് പറഞ്ഞ് പ്രിൻസ് ലൂക്കോസ് യാത്രയായി. 11.30 AM എ.കെ.ആന്റണി വിളിച്ചു. കഠിനമായ തീരുമാനമൊന്നും പാടില്ലെന്ന് അദ്ദേഹത്തിന്റെ അഭ്യർഥന. തന്റെ പ്രയാസങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പി.കെ.ശ്രീമതി, പി.ജെ.കുര്യൻ തുടങ്ങിയവരും വിളിച്ചു. ചാനലുകളിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അവരുടെ കണ്ണുനനച്ചു. ഇനി ലതികയെ പരിഗണിക്കില്ലത്രേ. 3PM അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു. ഖാദി ബോർഡ് വൈസ് ചെയർമാനും പഴയ കോൺഗ്രസ് നേതാവുമായ ശോഭനാ ജോർജ്. സന്ദർശനത്തിൽ രാഷ്ട്രീയം വേണ്ടെന്ന മുൻകൂർ ജാമ്യമെടുത്താണ് വീട്ടിലേക്ക് കടന്നത്. സമാന അനുഭവത്തിലൂടെ കടന്നുപോയ തനിക്ക് സഹോദരിയായ ലതികയെ ആശ്വസിപ്പിക്കണമെന്ന് തോന്നി. ലതികാ സുഭാഷിന്റെ മുഖം കേരളത്തിന്റെ നൊമ്പരമായി എന്നുമുണ്ടാകുമെന്നായി അവർ. കോൺഗ്രസ് നേതൃത്വത്തിന് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാൻ പല ന്യായങ്ങൾ കണ്ടെത്തും. ഒപ്പം നിർത്തണമെങ്കിലും അവർ ന്യായങ്ങൾ ചേർത്തുകെട്ടും- ശോഭന പറയുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ശോഭന മുന്നറിയിപ്പ് നൽകി. ഈ മൊട്ടത്തല എല്ലാ പാർട്ടികൾക്കുമുള്ള മുന്നറിയിപ്പാണ്. അധികം കഴിയുംമുമ്പ് ലതികാ സുഭാഷും അടുപ്പമുള്ളവരും ഏറ്റുമാനൂരിലേക്ക് യാത്ര തിരിച്ചു. 5PM ഏറ്റുമാനൂരിലെ കൺവെൻഷനിൽ ആദ്യമേ നിലപാട് വ്യക്തമാക്കാതെ ലതിക പ്രസംഗിക്കുന്നു. പ്രവർത്തകർ പറയട്ടെ എന്ന് അവർ. എല്ലാവരും ലതിക മത്സരിക്കണമെന്ന് നിർദേശിക്കുന്നു. അത് അംഗീകരിക്കപ്പെടുന്നു. 7PM മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കുന്നില്ലെന്ന് ലതിക വ്യക്തമാക്കുന്നു. ആർക്കും സ്വതന്ത്രമായി മത്സരിക്കാമെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കുന്നു. ഇതോടെ ലതികയുടെ രാഷ്ട്രീയജീവിതത്തിൽ മറ്റൊരു അധ്യായം തുറന്നു. Content Highlight: A day after protest Lathika Subhash to contest as an independent


from mathrubhumi.latestnews.rssfeed https://ift.tt/3eHQ9wJ
via IFTTT