കൊച്ചി: കമ്പനിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സമ്മാനം ലഭിച്ചെന്നു പറഞ്ഞ് കത്ത് കിട്ടിയാൽ സൂക്ഷിക്കുക, ഇത് തട്ടിപ്പിന്റെ പുതിയ രൂപമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെയുള്ള കത്ത് തപാലിലാകും വരിക. മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ നിങ്ങളുടെ നമ്പർ തിരഞ്ഞെടുക്കപ്പെട്ടു എന്നാകും കത്തിൽ പറയുക.സമ്മാനമായി സ്വർണ നാണയമോ മറ്റെന്തെങ്കിലും വിലപ്പെട്ട സാധനങ്ങളോ തപാൽ മാർഗം അയച്ചു നൽകുമെന്നും കത്തിലുണ്ടാകും. അഡ്രസ് വെരിഫിക്കേഷനായി മാത്രമുള്ള കത്താണിതെന്നും അറിയിക്കും. വീട്ടിലേക്ക് സൗജന്യമായി സമ്മാനം അയച്ചു നൽകുകയാണെങ്കിൽ നഷ്ടമില്ലല്ലോ എന്നാകും പലരും കരുതുക.എന്നാൽ, ഇതോടൊപ്പം ഇരയെ വീഴ്ത്താനുള്ള നമ്പർ കൂടി തട്ടിപ്പുകാർ ഇറക്കും. കത്തിനോടൊപ്പം ഒരു സ്‌ക്രാച്ച് കൂപ്പണും കൂടിയുണ്ടാകും. സ്‌ക്രാച്ച് ചെയ്ത് എന്തെങ്കിലും സമ്മാനം ലഭിക്കുകയാണെങ്കിൽ മാത്രം ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനാകും നിർദേശം. സ്‌ക്രാച്ച് കൂപ്പൺ ഉരസിയാൽ വൻ സമ്മാനം ആകും തെളിഞ്ഞുവരിക. സമ്മാനം ലഭിച്ച വിവരം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിക്കുന്നതോടെ തട്ടിപ്പിനുള്ള വല വിരിക്കും. നികുതി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയുടെ പേരു പറഞ്ഞ് പണം തട്ടുന്നതാണ് രീതി.സമ്മാനം ലഭിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന നികുതി, രജിസ്‌ട്രേഷൻ ഫീസ് എന്നിവ അടയ്ക്കണമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ടാകും. അതിനാൽത്തന്നെ ഇതിൽ ആളുകൾ എളുപ്പം വീഴും. വാർഷികാഘോഷത്തിന് മൊബൈൽ നമ്പറുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനം നൽകുന്ന കമ്പനിക്ക് വെബ് സൈറ്റോ, ഇ-മെയിൽ വിലാസമോ ഒന്നും കാണില്ല എന്നതാണ് പ്രത്യേകത. എന്തെങ്കിലും സാധനങ്ങൾ ഓൺലൈൻ ആയി ഓർഡർ ചെയ്താൽ, പിന്നീട് ഓർഡർ ചെയ്ത ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിന്റെ പേരിൽ വിളിച്ച് സമ്മാനം ലഭിച്ചതായി അറിയിച്ച് പണം തട്ടുന്നതാണ് നിലവിലെ സ്ഥിരം രീതി. കൂടെ മൊബൈൽ നമ്പറിന് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചുവെന്ന പഴയ നമ്പറും.
from mathrubhumi.latestnews.rssfeed https://ift.tt/2OkJUV4
via
IFTTT