Breaking

Sunday, March 21, 2021

ചൂട്, തിരഞ്ഞെടുപ്പുചൂട്: കേരളം ‘കറണ്ട് തിന്നുന്നു’

തിരുവനന്തപുരം: വേനൽ കടുക്കുംമുമ്പേ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ വൈദ്യുതി ഉപയോഗിച്ചത് വെള്ളിയാഴ്ചയാണ് -8.84 കോടി യൂണിറ്റ്. 2019 മേയ് 23-ന് 8.83 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് ഇതിനുമുമ്പത്തെ റെക്കോഡ്. ചൂടും തിരഞ്ഞെടുപ്പുപ്രചാരണംചൂടേറുന്നതുമാണ് വൈദ്യുതിഉപയോഗം മാർച്ചിൽത്തന്നെ റെക്കോഡിലെത്താൻ കാരണം. സാധാരണ മേയ് മാസത്തിലാണ് റെക്കോഡുകൾ പിറക്കുന്നത്. കഴിഞ്ഞവർഷം 6.7 കോടി യൂണിറ്റായിരുന്നു കേരളത്തിലെ പ്രതിദിന ശരാശരി ഉപയോഗം. ഇത്തവണ മാർച്ചിൽ ഇതുവരെയുള്ള ശരാശരി 8.17 കോടി യൂണിറ്റാണ്. ഇങ്ങനെപോയാൽ ഈവർഷത്തെ പ്രതിദിന ശരാശരി 6.85 കോടി യൂണിറ്റാവുമെന്നാണ് വൈദ്യുതിബോർഡ് കണക്കാക്കുന്നത്.രാത്രിയിലെ ഉപയോഗം കുതിച്ചുയരുമ്പോൾ പകൽ കേരളത്തിന് വൈദ്യുതി മിച്ചമാണ്. അതിനാൽ വൈദ്യുതി വിൽക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിനുപുറമേ ദീർഘകാലകരാറുകളിലൂടെ വൈദ്യുതി വാങ്ങുന്നുമുണ്ട്. ഇതാണ് മിച്ചംവരാൻ കാരണം. കരാർപ്രകാരം മുൻനിശ്ചയിച്ച വിലയിലാണ് വൈദ്യുതി വാങ്ങുന്നത്. എന്നാൽ, പവർഎക്സ്ചേഞ്ചിൽ പലപ്പോഴും നിത്യേനയുള്ള വിൽപ്പനവില ഇതിനെക്കാൾ കൂടുതലായിരിക്കും. വില ഉയർന്നുനിൽക്കുന്നതിനാലാണ് പകൽ ഇപ്പോൾ കേരളം വൈദ്യുതി വിൽക്കുന്നത്. വെള്ളിയാഴ്ച 22.6 ലക്ഷം യൂണിറ്റ് വിൽക്കാനായി. ഈ വേനലിൽ വൈദ്യുതിലഭ്യതയിൽ കുറവുവരാതിരിക്കാൻ ഡൽഹിയിൽനിന്ന് 150 മെഗാവാട്ടും പല വിതരണക്കമ്പനികളിൽനിന്നായി 200 മെഗാവാട്ടും കൂടുതൽ വാങ്ങാൻ കരാറുണ്ടാക്കി. ഡൽഹിയിൽനിന്ന് മാർച്ച്, ഏപ്രിലിലേക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന് പണംനൽകേണ്ടതില്ല. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ തിരിച്ചുനൽകിയാൽമതി. യൂണിറ്റിന് 3.04 രൂപയ്ക്കാണ് വിവിധ ഉത്പാദകരിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കറന്റ് ഉപയോഗത്തിലെ കുതിപ്പ്(യൂണിറ്റ് കോടിയിൽ) മാർച്ച് 15: 8.36 മാർച്ച് 16: 8.48മാർച്ച് 17: 8.64മാർച്ച് 18: 8.68മാർച്ച് 19: 8.84


from mathrubhumi.latestnews.rssfeed https://ift.tt/318saPb
via IFTTT