കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യുടെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്ബോളിന് സമ്മാനിച്ച പുത്തനുണർവിന്റെ സാക്ഷ്യമായി ടീമിന്റെ വിക്ടറി പരേഡ്. അവിസ്മരണീയ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ ഫുട്ബോൾ ആരാധകരുടെ നഗരത്തിൽ ആവേശം വിതറുന്നതായിരുന്നു ഗോകുലത്തിന്റെ വിജയയാത്ര. ചാമ്പ്യൻസ് ഓഫ് ഇന്ത്യ എന്ന് ആലേഖനം ചെയ്ത, പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിൽ ഗോകുലം ടീം നഗരം ചുറ്റി. ടീം പരിശീലകൻ വിൻസെൻസൊ ആൽബർട്ടൊ അന്നീസ്, ക്യാപ്റ്റൻ ഘാന താരം അവാൽ മുഹമ്മദ്, ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ, ക്ലബ്ബ് പ്രസിഡന്റ് വി.സി. പ്രവീൺ, സി.ഇ.ഒ. അശോക് കുമാർ തുടങ്ങിയവർ ടീമിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ടീമിന്റെ മൈതാനമായ കോർപ്പറേഷൻ സ്റ്റേഡിയത്തിൽനിന്ന് അഞ്ചുമണിക്ക് ഘോഷയാത്ര തുടങ്ങി. ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ മലബാറിയൻസിന്റെ നൂറുകണക്കിന് ആരാധകർ ടീം വാഹനത്തെ അനുഗമിച്ചു. സ്റ്റേഡിയം ചുറ്റി മാവൂർ റോഡുവഴി മാനാഞ്ചിറയിലെത്തി. ബീച്ചിലേക്ക്. സ്വീകരണച്ചടങ്ങിൽ ഗോകുലം ഗോപാലൻ അധ്യക്ഷതവഹിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി, മുൻ ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, എൻ.പി. പ്രദീപ്, കാലിക്കറ്റ് സർവകലാശാല കായികപഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് ജോൺ തുടങ്ങിയവർ പങ്കെടുത്തു. കേരള പോലീസ് ഫെഡറേഷൻ കപ്പ് ജയിച്ചശേഷം കേരളത്തിലെ ഒരു ക്ലബ്ബിനും ദേശീയ കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ഗോകുലത്തിന്റെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്ബോളിന് വീണ്ടും ഉണർവുപകർന്നിരിക്കുന്നു. Content Highlights: Gokulam Kerala FC victory parade in Calicut
from mathrubhumi.latestnews.rssfeed https://ift.tt/39OH9D1
via
IFTTT