Breaking

Thursday, January 21, 2021

നിയമങ്ങൾ രണ്ടുവർഷം വരെ മരവിപ്പിക്കാം: കർഷകർക്ക് കേന്ദ്രത്തിന്റെ വാഗ്ദാനം

ന്യൂഡൽഹി: കാർഷികനിയമങ്ങൾ ഒന്നര മുതൽ രണ്ടുവർഷം വരെ മരവിപ്പിക്കാമെന്നും സംയുക്ത സമിതി രൂപവത്കരിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര സർക്കാർ. കർഷകസമരം തീർക്കാൻ ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം സംയുക്ത കിസാൻ മോർച്ച നേതാക്കൾക്കുമുന്നിൽ ഈ നിർദേശം വെച്ചത്. അഞ്ചു മണിക്കൂറിലേറെ നീണ്ട ചർച്ച പഴയപടി അനിശ്ചിതത്വത്തിലായപ്പോഴായിരുന്നു ഈ വാഗ്ദാനം. കൂടിയാലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് കർഷകനേതാക്കൾ പറഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമരക്കാർക്കു വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഇടയ്ക്കുവെച്ച് കൃഷിമന്ത്രി ആവർത്തിച്ചു. ഖലിസ്താൻ ബന്ധവും മറ്റും ആരോപിച്ച് കർഷകനേതാക്കൾക്ക് എൻ.ഐ.എ. നോട്ടീസയയ്ക്കുന്ന നടപടി പരിശോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നൽകി. അതിനിടെ, സർക്കാരും കർഷകസംഘടനകളും ചർച്ചചെയ്ത് സമരം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ്. ആവശ്യപ്പെട്ടു. ഏതുസമരവും ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. പരസ്പരം യോജിക്കാവുന്ന ഒരു മധ്യതലം കണ്ടെത്തി പരിഹാരത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ജോഷി ഇംഗ്ലീഷ് മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു. Content Highlights:Farmers protest India


from mathrubhumi.latestnews.rssfeed https://ift.tt/2LHlXWH
via IFTTT