Breaking

Friday, January 1, 2021

'ബാറിലിരുന്നാൽ വരാത്ത വൈറസ് തീയേറ്ററിലെത്തുമെന്ന് നാസ കണ്ടുപിടിച്ചോ'? പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ തുറക്കാത്ത നടപടിക്കെതിരെ നടൻ ജോയ് മാത്യു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം, ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ, സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം, ബാർ ഉടമകളിൽ നിന്നാണ് പലതും പഠിക്കാനുള്ളതെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പരിഹസിക്കുന്നു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു .സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എൺപത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം? തമിഴ് നാട്ടിലും കർണാടകയിലും തിയറ്ററുകൾ തുറന്ന് പ്രദർശനങ്ങൾ ആരംഭിച്ചു എന്നാണറിയുന്നത്. കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാൻ കഴിയാതിരുന്ന ബാർ മുതലാളിമാർക്ക് അമിത വിലയിൽ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാൻ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റർ നടത്തിപ്പുകാരോട് കാണിച്ചുകൂടെ ? വിനോദ നികുതിയിനത്തിൽ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികൾ മറന്നുപോയോ ? സിനിമാ സംഘടനകൾ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവർ അതിൽ ആരുമില്ലെന്നോ? ഇനിയെങ്കിലും മനസ്സിലാക്കുക ബാർ ഉടമകളിൽ നിന്നാണ് പലതും പഠിക്കാനുള്ളത്. എങ്ങിനെയാണ് അവർ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി സംഘടിപ്പിച്ചത്? ഇതെങ്ങിനെ സാധിച്ചെടുത്തു? ഇതിന്റെ ഗുട്ടൻസ് എന്താണ് ? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?


from mathrubhumi.latestnews.rssfeed https://ift.tt/38JJKfO
via IFTTT