Breaking

Tuesday, January 14, 2020

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ വീട്ടിൽ കവർച്ച നടന്നാലും നഷ്ടപരിഹാരം

മുംബൈ: തീവണ്ടിയിൽ യാത്ര ചെയ്യുന്ന ആളുടെ വീട്ടിൽ കവർച്ച നടന്നാലും നഷ്ടപരിഹാരം നൽകുന്ന സംവിധാനം വരുന്നു. മുംബൈ- അഹമ്മദാബാദ് പാതയിൽ യാത്ര തുടങ്ങാൻ പോകുന്ന രണ്ടാം 'തേജസ്' സ്വകാര്യ വണ്ടിയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കാൻ പോകുന്നത്. ലക്ഷം രൂപ വരെ ഇതിനായി യാത്രക്കാരന് ഇൻഷുറൻസ് ഒരുക്കിക്കൊണ്ടാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) ഇത് നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയത്ത് കവർച്ച നടന്നാൽമാത്രമാവും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഐ.ആർ.സി.ടി.സി. ജനറൽ മാനേജർ(മുംബൈ) പദ്മമോഹൻ പറഞ്ഞു. 17-നാണ് തേജസ് എക്സ്പ്രസ്സിന്റെ ഉദ്ഘാടനം അഹമ്മദാബാദിൽ നടക്കുക. 19 മുതൽ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഈ വണ്ടി ഓടും. ഇതിലെ യാത്രക്കാർക്കുള്ള 25 ലക്ഷം രൂപയുടെ ഇൻഷുറൻസിനുപുറമെയാണ് ഇൻഷുറൻസ് തുകയും നൽകുന്നത്. ഇവയ്ക്കായി യാത്രക്കാരിൽനിന്ന് ഐ.ആർ.സി.ടി.സി. പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല. എല്ലാം സൗജന്യമാണ്. “പലപ്പോഴും മറ്റു നഗരങ്ങളിലേക്കുള്ള ദീർഘയാത്രാസമയത്താണ് സ്വന്തം വീട്ടിൽ മോഷണവുംമറ്റും നടക്കുന്നത്. പ്രത്യേകിച്ച് മുംബൈയിൽ. അതിനാലാണ് ഇത്തരത്തിൽ പുതിയ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല. ഒരാൾ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇൻഷുറൻസ് പരിരക്ഷ”- പദ്മമോഹൻ പറഞ്ഞു. യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തിൽ അംഗവൈകല്യമോ മറ്റോ സംഭവിച്ചാലാണ് റെയിൽവേ 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്നത്. തേജസ് എക്സ്പ്രസ് ലക്ഷ്യസ്ഥാനത്ത് ഒരു മണിക്കൂറിലധികം വൈകിയാണെത്തുന്നതെങ്കിൽ യാത്രക്കാർക്ക് 100 രൂപയും രണ്ടു മണിക്കൂറിലധികം വൈകിയാൽ 250 രൂപയും നഷ്ടപരിഹാരവും നൽകും. കഴിഞ്ഞ ഒക്ടോബർ 19-ന് ആദ്യ സ്വകാര്യവണ്ടിയായ ഡൽഹി-ലഖ്നൗ തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകിയപ്പോൾ യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി. നൽകിയത് 1.62 ലക്ഷം രൂപയാണ്. Content Highlights:Train theft compensation


from mathrubhumi.latestnews.rssfeed https://ift.tt/2RdFAnJ
via IFTTT