മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിഖ്യാത പോളി ഉമ്രിഗർ പുരസ്കാരം പേസർ ജസ്പ്രീത് ബുംറയ്ക്ക്. 2018-19 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് താരത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഞായറാഴ്ച ട്വിറ്റർ ഹാൻഡിലിലൂടെ ബി.സി.സി.ഐ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയിൽ വെച്ച് നടക്കുന്ന ബി.സി.സി.ഐ വാർഷിക പുരസ്കാര ചടങ്ങിൽ ബുംറയ്ക്ക് പുരസ്കാരം സമ്മാനിക്കും. പുരുഷ വിഭാഗത്തിൽ ബുംറ പുരസ്കാരത്തിന് അർഹനായപ്പോൾ വനിതാ വിഭാഗത്തിൽ ലെഗ് സ്പിന്നർ പൂനം യാദവിനാണ് പുരസ്കാരം. അടുത്തിടെ താരത്തെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. 2018-ൽ ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ബുംറ നിലവിൽ ഒന്നാം നമ്പർ ഏകദിന ബൗളറാണ്. 2018 ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ബുംറ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് പര്യടനങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അതേസമയം ഇന്ത്യൻ ടീം മുൻ നായകൻമാരായ കൃഷ്ണമാചാരി ശ്രീകാന്തിനും വനിതാ താരം അൻജും ചോപ്രയ്ക്കും കേണൽ. സി.കെ നായുഡു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും. Content Highlights:Jasprit Bumrah, Poonam Yadav To Receive Polly Umrigar Award
from mathrubhumi.latestnews.rssfeed https://ift.tt/30djgyC
via
IFTTT