മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ ട്രെയിനർ എസ്. രജനികാന്ത് രംഗത്ത്. മുംബൈയിൽ നടത്തിയ ഫിറ്റനസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ ഹാർദിക് പാണ്ഡ്യയ്ക്ക് എന്ത്യ എ ടീമിനൊപ്പം ന്യൂസീലൻഡിലേക്ക് പറക്കാൻ സാധിച്ചില്ലെന്നും ഇതോടെ സീനിയർ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരത്തോട് ഏതെങ്കിലും ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. പാണ്ഡ്യ പൂർണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും പാണ്ഡ്യയുടെ ബൗളിങ് ജോലിഭാരം കൂടി പരിശോധിക്കാനുള്ളതിനാൽ അദ്ദേഹം പരിശീലനം തുടരേണ്ടതുണ്ടെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്നും ട്രെയിനർ എസ്. രജനികാന്ത് വ്യക്തമാക്കി. പാണ്ഡ്യ 100 ശതമാനം കായികക്ഷമത കൈവരിച്ചുകഴിഞ്ഞു. അതിലൊരു സംശയവും വേണ്ട. എന്നാൽ അദ്ദേഹത്തിന് തുടർച്ചയായി രാജ്യാന്തര മത്സരങ്ങളിൽ ജോലിഭാരം നൽകുന്നതിനോട് എനിക്ക് യോജിപ്പില്ല. പാണ്ഡ്യയ്ക്ക് ഇതുവരെ യാതൊരു ഫിറ്റ്നസ് ടെസ്റ്റും നടത്തിയിട്ടില്ല. പിന്നെന്തിനാണ് ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങൾ, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രജനികാന്ത് പറഞ്ഞു. ഇതോടെ ഇന്ത്യ എ ടീമിന്റെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിൽ പാണ്ഡ്യ ഉണ്ടാകില്ല. ഇതോടെ ഇന്ത്യൻ സീനിയർ ടീമിന്റെ ന്യൂസീലൻഡ് പര്യടനത്തിലും താരത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല. എന്നാലത് അദ്ദേഹം കായികക്ഷമത കൈവരിക്കാത്തതിനാലോ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാലോ അല്ല. യോയോ ടെസ്റ്റിൽ 20 പോയന്റ് നേടാൻ പാണ്ഡ്യയ്ക്ക് ഇപ്പോൾ സാധിക്കും. എന്നാൽ അദ്ദേഹത്തെ താൻ തിരിച്ചുവിളിച്ചതിന് കാരണം ബൗളിങ്ങാണ്. അതിനുള്ള കാര്യങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, രജനികാന്ത് കൂട്ടിച്ചേർത്തു. പരിക്കുമൂലം മാസങ്ങളായി ടീമിൽ നിന്നും വിട്ടുനിൽക്കുന്ന പാണ്ഡ്യ കിവീസിനെതിരായ പരമ്പരയോടെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. രഞ്ജി ട്രോഫിയിൽ കളിപ്പിക്കാതെ പാണ്ഡ്യയെ നേരിട്ട് എ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു സെലക്ടർമാർ. എ ടീമിനൊപ്പം പരിശീലന മത്സരം കളിച്ച് പാണ്ഡ്യ സീനിയർ ടീമിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. Content Highlights:Hardik Pandya not failed in any fitness tests trainer
from mathrubhumi.latestnews.rssfeed https://ift.tt/2NlOej8
via
IFTTT