Breaking

Tuesday, January 14, 2020

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ടയ്ക്ക് റോഡപകടത്തില്‍ പരിക്ക്

കൊലാലംപുർ: ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരവും നിലവിലെ ലോക പുരുഷ വിഭാഗം ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമൊട്ടയ്ക്ക് മലേഷ്യൻ തലസ്ഥാനമായ കൊലാലംപുരിൽവെച്ച് റോഡപകടത്തിൽ പരിക്ക്. മലേഷ്യ മാസ്റ്റേഴ്സിൽ കിരീടം നേടി മണിക്കൂറുകൾക്കകം വിമാനത്താവളത്തിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാൻ, ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. വാനിന്റെ ഡ്രൈവർ മരിച്ചു. അസിസ്റ്റന്റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റൺ ഒഫീഷ്യൽ എന്നിവർക്കും പരിക്കുണ്ട്. 25 വയസ്സുള്ള മൊമോട്ടയുടെ മൂക്കിന് സാരമായി പരിക്കേറ്റു. മുഖത്ത് മുറിവുകളുമുണ്ട്. പുത്രജയ ആശുപത്രിയിലാണ് അദ്ദേഹം. പരിക്കേറ്റവരെല്ലാം അപകടനില തരണംചെയ്തുവരുന്നതായി മലേഷ്യൻ കായികമന്ത്രി സയ്യദ് സാദിഖ് അറിയിച്ചു. സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെ അപകടം ബാധിക്കും. മൊമോട്ടയ്ക്ക് കരിയറിൽ കിട്ടാത്ത ഒരു പ്രധാന കിരീടമേയുള്ളൂ, അത് ഒളിമ്പിക് സ്വർണമാണ്. മലേഷ്യ മാസ്റ്റേഴ്സിൽ ഡെൻമാർക്കിന്റെ വിക്ടോർ അക്സെൽസണിനെ തോൽപ്പിച്ചാണ് മൊമോട്ട ചാമ്പ്യനായത്. കിരീടവിജയത്തോടെ 2020 സീസൺ തുടങ്ങാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. സാവധാനം പോവുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. വാനിന്റെ മുൻഭാഗം തകർന്നു. എന്നാൽ, പിൻഭാഗത്തിന് കാര്യമായ ആഘാതമേറ്റില്ല. ഇതാണ് താരത്തിന്റെയും കൂടെയുള്ളവരുടെയും ജീവൻ രക്ഷിച്ചത്. മൊമോട്ടയുടെ വർഷം 2019 മൊമോട്ടയുടെ വിജയവർഷമായിരുന്നു. ലോകചാമ്പ്യൻഷിപ്പും ഓൾ ഇംഗ്ലണ്ട് ഓപ്പണും ഉൾപ്പെടെ 11 കിരീടങ്ങൾ നേടി അദ്ദേഹം റെക്കോഡിട്ടു. ഒരു സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി. മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിൻ ഡാൻ തുടങ്ങിയ ഇതിഹാസതാരങ്ങളെ കടത്തിവെട്ടാൻ അദ്ദേഹത്തിനായി. Content Highlights:Badminton World No.1 Kento Momota Injured in Pre-dawn Car Crash in Malaysia Driver Killed


from mathrubhumi.latestnews.rssfeed https://ift.tt/30iLQyC
via IFTTT