Breaking

Wednesday, January 1, 2020

റെയിൽവേയിൽ മേൽക്കൈയുമായി ’മീണ’മാർ; ആശംസയുമായി ടിക്കാറാം മീണയും

കണ്ണൂർ:രാജസ്ഥാനിൽനിന്ന് കേരളത്തിലെത്തി റെയിൽവേയിൽ ജോലിചെയ്യുന്ന 'മീണ'സംഘത്തിനൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പുതുവത്സരാഘോഷം. 'കേരൾ പ്യാർ മിലാഹെ' എന്ന മീണമാരുടെ ഹിന്ദിക്ക് ടിക്കാറാം മീണയുടെ മറുപടി പച്ചമലയാളത്തിൽ. ഇന്ത്യയിലൊരിടത്തും കിട്ടാത്ത സ്നേഹമാണ് കേരളം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മുന്നൂറോളം മീണമാർ കൈയടിച്ചു. കണ്ണൂർ റെയിൽവേ കോളനിയിലാണ് മീണമാരുടെ സംഗമം നടന്നത്. ജോലിചെയ്യുന്നതോടൊപ്പം മക്കളെ പഠിപ്പിക്കാനും നല്ല സംസ്ഥാനമാണ് കേരളമെന്ന് ടിക്കാറാം മീണ പറഞ്ഞു. അത് അമ്മമാർ കൃത്യമായി ചെയ്യണമെന്നും ഓർമിപ്പിച്ചു. സ്വന്തം അനുഭവങ്ങൾ വിവരിച്ച് ചിരിയും തമാശയുമായി ഒന്നരമണിക്കൂറോളം ചെലവഴിച്ചശേഷം അദ്ദേഹം വിമാനമാർഗം കൊച്ചിയിലേക്കുപോയി. പോയിന്റ്സ്മാൻ തുടങ്ങി ടി.ടി.ഇ.മാർ വരെ രാജസ്ഥാനിൽനിന്നുള്ള നൂറുകണക്കിന് മീണമാർ റെയിൽവേയിൽ ജോലിചെയ്യുന്നുണ്ട്. ഇതിൽ മംഗളൂരു മുതൽ ഷൊർണൂർ വരെയുള്ള മീണമാരും കുടുംബവുമാണ് സംഗമത്തിനെത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എം.എം.മനോജ്കുമാർ മുഖ്യാതിഥിയായിരുന്നു. റെയിൽവേയിൽ പോയിന്റ്സ്മാനായ ചേതൻ റാം മീണയടക്കമുള്ളവർ നേതൃത്വംനൽകി. മീണ പ്രധാനമായും രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള പട്ടികവർഗവിഭാഗമാണ് മീണ. മീൻ എന്ന വാക്കിൽനിന്നാണ് മീണ എന്ന വാക്കിന്റെ വരവ്. മഹാവിഷ്ണുവിന്റെ മത്സ്യാവതാരവുമായും പുരാതന മത്സ്യസാമ്രാജ്യവുമായും മീണസമുദായത്തിന് ബന്ധമുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. മറ്റ് പട്ടികവർഗവിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരാണ് മീണമാർ. സിവിൽ സർവീസിലും വിവിധ കേന്ദ്രസർക്കാർ സർവീസുകളിലും ഇവർ ധാരാളമായുണ്ട്. Content Highlights:railway-meena-tikaram meena


from mathrubhumi.latestnews.rssfeed https://ift.tt/2Qhk6aB
via IFTTT