Breaking

Wednesday, January 1, 2020

ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ല; പാകിസ്താന്‌ മുന്നറിയിപ്പുമായി പുതിയ കരസേനാമേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ 28-ാമത്തെ കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറൽ മനോജ് മുകുന്ദ് നരവണെ. തീവ്രവാദപ്രവർത്തനത്തിന് സഹായംനൽകുന്നത് നിർത്തിയില്ലെങ്കിൽ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ മുൻകരുതലെന്നനിലയിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന് അദ്ദേഹം സൂചന നൽകി. അതിർത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങൾ തയ്യാറായിട്ടുണ്ട്. ചൈനയുമായുള്ള അതിർത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ബിപിൻ റാവത്ത് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇതുവരെ കരസേനയുടെ ഉപമേധാവിയായിരുന്ന ജനറൽ നരവണെയെ കരസേനാമേധാവിയായി നിയമിച്ചത്. രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സി.ഡി.എസ്.)നിയമിതനായ ജനറൽ ബിപിൻ റാവത്ത് ബുധനാഴ്ച ചുമതലയേൽക്കും. സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിനായി ഓഫീസ് സജ്ജീകരിച്ചു. പ്രതിരോധമന്ത്രാലയത്തിൽ പുതുതായി രൂപവത്കരിച്ച സൈനികകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ്. ആയിരിക്കും. സൈനികകാര്യവകുപ്പ് രൂപവത്കരിച്ച് ചൊവ്വാഴ്ച ഉത്തരവിറങ്ങി. പുതിയ മേധാവിയുടെ കീഴിൽ കരസേന കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഗാർഡ് ഓഫ് ഓണറിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാഭീഷണിയെല്ലാം നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുവർഷം തന്നെ പിന്തുണച്ച സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും റാവത്ത് നന്ദി പറഞ്ഞു. ഇനി മൂന്നുസേനയെയും നയിക്കുന്നത് സഹപാഠികൾ കരസേനാമേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവണെ ചുമതലയേറ്റെടുത്തതോടെ കര-നാവിക-വ്യോമസേനകളുടെ തലപ്പത്ത് സഹപാഠികൾ. നാവികസേനാമേധാവി അഡ്മിറൽ കരംബീർ സിങ്ങും വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എസ്.കെ. ഭദൗരിയയും ജനറൽ നരവണെയ്ക്കൊപ്പം നാഷണൽ ഡിഫൻസ് അക്കാദമിയിലെ 56-ാം ബാച്ചിലെ കേഡറ്റുമാരായിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് ജനറൽ നരവണെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നടക്കം പരിശീലനം നേടിയ നരവണെ കരസേനാ ഉപമേധാവിയാവുംമുമ്പ് ചൈനയുമായുള്ള ഏകദേശം 4000 കിലോമീറ്റർ വരുന്ന അതിർത്തി കാക്കുന്ന കിഴക്കൻ കമാൻഡിന്റെ തലവനായിരുന്നു. മ്യാൻമാറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെ, ജമ്മുകശ്മീർ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ സമാധാനസേനയുടെ ഭാഗവുമായിരുന്നു. അസം റൈഫിൾസ് (നോർത്ത്) ഇൻസ്പെക്ടർ ജനറലെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡലും സ്ട്രൈക്ക് ഫോഴ്സ് കമാൻഡറെന്ന നിലയിൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു. Content Highlights:New Army Chief General MM Naravane Warns Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2ZIn0I9
via IFTTT