ന്യൂഡൽഹി: പുതുവർഷാരംഭം മുതൽ തീവണ്ടിയാത്രാ നിരക്ക് കൂടി. ഓർഡിനറി നോൺ-എ.സി. ക്ലാസുകളിൽ കിലോമീറ്ററിന് ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എ.സി. ക്ലാസുകൾക്ക് രണ്ടുപൈസയും എ.സി. ക്ലാസുകൾക്ക് നാലു പൈസയും വീതമാണ് വർധിപ്പിച്ചത്. ചരക്കുകൂലിയിൽ മാറ്റമില്ല. ജനുവരി ഒന്നിനോ അതിനുശേഷമോ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക്. സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റുകൾക്കും പഴയ നിരക്ക് തന്നെയാണ്. ആകെ യാത്രക്കാരിൽ 66 ശതമാനവും സബർബൻ, സീസൺ വിഭാഗത്തിലാണെന്നതിനാൽ നിരക്ക് വർധന അവരെ ബാധിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. യാത്രക്കൂലി വർധിപ്പിക്കുമ്പോൾ സാധാരണയായി മുൻപ് എടുത്ത ടിക്കറ്റുകൾക്കും അത് ബാധകമാക്കാറുണ്ട്. യാത്ര ചെയ്യുമ്പോൾ അധികതുക നൽകേണ്ടിവരും. എന്നാൽ, ഇത്തവണ അതില്ല. റിസർവേഷൻ ഫീ, സൂപ്പർഫാസ്റ്റ് ചാർജ് എന്നിവയിൽ മാറ്റമില്ല. രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളെല്ലാം സ്വാഭാവികമായും നിരക്ക് വർധനയുടെ പരിധിയിൽ വരും. രാജധാനി, ശതാബ്ദി തീവണ്ടികളിൽ എ.സി. കോച്ചുകൾ മാത്രമായതിനാൽ കിലോമീറ്ററിനു നാല് പൈസ വീതം നിരക്ക് വർധനയുണ്ടാകും. തുരന്തോയിൽ എ.സി.യും നോൺ എ.സി. കോച്ചുകളുമുള്ളതിനാൽ യഥാക്രമം നാല്, രണ്ട് പൈസവീതമാകും നിരക്ക് വർധിക്കുക. വർധന ഇങ്ങനെ 1. ഓർഡിനറി നോൺ എ.സി.- കിലോമീറ്ററിന് ഒരു പൈസ 2. മെയിൽ/എക്സ്പ്രസ് നോൺ എ.സി.- കിലോമീറ്ററിന് രണ്ട് പൈസ 3. എ.സി. ക്ലാസുകൾ- കിലോമീറ്ററിന് നാല് പൈസ 4. സബർബൻ, സീസൺ - നിരക്ക് വർധനയില്ല. വർധന അനിവാര്യമെന്ന് റെയിൽവേ ഇപ്പോഴത്തെ യാത്രക്കൂലി വർധന അനിവാര്യമെന്ന് റെയിൽവേ. 2014-15-ലാണ് അവസാനമായി യാത്രാക്കൂലി കൂട്ടിയത്. അതിനുശേഷം തീവണ്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലെല്ലാം വലിയ വികസനപ്രവർത്തനങ്ങൾ നടന്നു. കോച്ചുകളുടെ ആധുനികീകരണം, സ്റ്റേഷൻ നവീകരണം എന്നിവയെല്ലാം നടന്നുവരുന്നു. ഇതോടൊപ്പം ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയതും നിരക്കുവർധന അനിവാര്യമാക്കി. ഏതെങ്കിലും ക്ലാസിൽപ്പെട്ട യാത്രക്കാർക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കാത്തവിധമാണ് നിരക്കുവർധനയെന്നും റെയിൽവേ അവകാശപ്പെട്ടു. സബർബൻ, സീസൺ വിഭാഗക്കാരെ നിരക്കുവർധനയിൽനിന്ന് ഒഴിവാക്കിയതിനാൽ ദിവസയാത്രക്കാരെ സാരമായി ബാധിക്കില്ല. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ആകെ ദൂരം- 3033 കിലോമീറ്റർ സ്ലീപ്പർ ക്ലാസിന് (നോൺ എ.സി.) ഇപ്പോഴത്തെ നിരക്ക്- 915.00 രൂപ, പുതിയ നിരക്ക് - 975.00 രൂപ (വർധന: 60.00 രൂപ) തേർഡ് എ.സി. ഇപ്പോഴത്തെ നിരക്ക്- 2380.00 രൂപ, പുതിയ നിരക്ക് 2501.00 രൂപ (വർധന: 121.00 രൂപ) സെക്കൻഡ് എ.സി. ഇപ്പോഴത്തെ നിരക്ക് - 3545.00 രൂപ, പുതിയ നിരക്ക് 3666.00 രൂപ (വർധന: 121.00 രൂപ) Content Highlights:Train Fare hike
from mathrubhumi.latestnews.rssfeed https://ift.tt/37pCO5l
via
IFTTT