Breaking

Wednesday, January 1, 2020

വയസ്സ് വെറും 119 ; ജീവിത സായാഹ്നത്തില്‍ പല്ലില്ലാത്ത മോണയില്‍ ഒരുപല്ലും മുളച്ചു

കേശവൻനായരും മകളുടെ കൊച്ചുമകൾ ദേവനന്ദയും കൊല്ലം: ജനനത്തീയതി 1901 ജനുവരി ഒന്ന്. വിലാസം- കേശവൻനായർ താഴത്തുവടക്ക് നാരായണസദനം, പട്ടാഴി വടക്കേക്കര. ആധാർരേഖ പ്രകാരം കേശവനാശാന് ബുധനാഴ്ച 119 വയസ്സായി. ഇരുപതാം നൂറ്റാണ്ടിൽനിന്ന് ഇരുപത്തൊന്നുംകണ്ട് ജീവിത സായാഹ്നത്തിലെത്തിയപ്പോൾ പല്ലില്ലാത്ത മോണയിൽ രണ്ടാംബാല്യത്തിലെന്നപോലെ ഒരുപല്ലും മുളച്ചു. ''ഇത് അഞ്ചാറുകൊല്ലമായി വന്നിട്ട്'' -പല്ല് തൊട്ടുകാണിച്ച് ആശാൻ പറഞ്ഞു.'' ''എത്ര വയസ്സായി?'' 119. ഉത്തരം കൃത്യമാണ്. എന്താ തെളിവെന്നുചോദിച്ചാൽ എന്റെ വയസ്സ് എനിക്കറിയാമെന്ന ഭാവം മുഖത്ത്. ആശാന്റെ അവകാശവാദം ശരിയാണെങ്കിൽ ഇന്ത്യയിലെത്തന്നെ പ്രായമേറിയയാളെന്ന ബഹുമതിക്ക് അർഹനാവും. അതിനുതെളിവായി സ്കൂൾ രേഖകളുൾപ്പെടെ ഒന്നുംതന്നെയില്ല . ഓർമകളിൽ പഴയ കാലംകടന്നുവരുമ്പോൾ ഊർജസ്വലനാവുന്ന കേശവൻനായർ എൺപതുവയസ്സുകാരിയായ മകൾ ശാന്തമ്മയോടൊപ്പം സുഖമായി കഴിയുന്നു. കാഴ്ചക്കുറവും അൽപം കേൾവിക്കുറവും ഉണ്ടെന്നതൊഴിച്ചാൽ ഓർമകൾക്കും ധാരണകൾക്കും വാർധക്യം ബാധിച്ചിട്ടില്ല. നിലത്തെഴുത്താശാനായിരുന്നു കേശവൻനായർ. വിദ്യാരംഭത്തിനും വിവാഹത്തിനുമെല്ലാം ആശാനിൽനിന്ന് അക്ഷരം പഠിച്ചവരുടെ അനന്തരതലമുറ കസവുമുണ്ടും ദക്ഷിണയും നൽകാൻ വരും. അമ്മാവൻ വൈദ്യകലാനിധിയായിരുന്നു. അദ്ദേഹമാണ് സംസ്കൃതം പഠിപ്പിച്ചത്. പിന്നെ ദയാനന്ദസരസ്വതി സ്ഥാപിച്ച സ്കൂളിൽപ്പോയി രഘുവംശവും അഷ്ടാംഗഹൃദയവും പഠിച്ചു. സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കെടുത്തിട്ടില്ലേ?- ''ഗാന്ധിജിയെ കാണാൻ പോയിട്ടുണ്ട്. ചർക്കയിൽ നൂൽനൂറ്റ് വിറ്റിട്ടുണ്ട്. അല്ലാതെ സമരത്തിനൊന്നും പോയിട്ടില്ല'' -മറുപടി. ഭാര്യ പാറുക്കുട്ടിയമ്മ എൺപതാം വയസ്സിലാണ് മരിച്ചത്. അഞ്ചുമക്കളുണ്ട്. മൂത്തയാൾ 87 വയസ്സുള്ളപ്പോൾ മരിച്ചു. ''രാവിലെ എഴുന്നേൽക്കും. കീർത്തനം പാടി കിടക്കും. നന്നായി അധ്വാനിക്കും. പഠിച്ച അക്ഷരമാലകൾ കുട്ടികളെ പഠിപ്പിക്കും. അങ്ങനെയൊരു ജീവിതചര്യയായിരുന്നു അച്ഛന്'' -ആരോഗ്യരഹസ്യം മകൾ ശാന്ത വെളിപ്പെടുത്തുന്നു. മകളുടെ കൊച്ചുമകൾ നന്ദയുടെ കൈപിടിച്ച് കേശവൻനായർ മെല്ലെ അകത്തേക്ക് നടന്നു. പുതുതലമുറയുടെ കൈപിടിച്ച് ആശാൻ അകത്തേക്ക് പോവുമ്പോൾ കാലം മന്ദസ്മിതം തൂകുംപോലെ. Content Highlights:Kesavan Nair, 119 year old men from Kerala


from mathrubhumi.latestnews.rssfeed https://ift.tt/2SOCZmy
via IFTTT