Breaking

Monday, December 10, 2018

രാമനാട്ടുകരയിൽ ഓട്ടോയില്‍ കയറിയ യുവതിയുടെ കഴുത്തുഞെരിച്ച് ഡ്രൈവര്‍ ബാഗ് തട്ടിയെടുത്തു

രാമനാട്ടുകര: ഓട്ടോയിൽ കയറിയ യുവതിയുടെ കഴുത്തുഞെരിച്ച് ഡ്രൈവർ പണവും രേഖകളുമടങ്ങിയ ബാഗും മൊബൈലും തട്ടിയെടുത്തു. മാലപൊട്ടിക്കാനുള്ള ശ്രമത്തിൽ പുറത്തേക്ക് തെറിച്ചുവീണപ്പോൾ യുവതിക്ക്, എതിരേയെത്തിയ തീർഥാടകർ രക്ഷകരായി. ഞായറാഴ്ച രാവിലെ 7.30നാണ് സംഭവം. കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ ജീവനക്കാരിയായ ദിവ്യ (28) ജോലിക്കുപോവാനായി പള്ളിക്കൽബസാർ കൂനൂൾമാടുനിന്നാണ് ഓട്ടോയിൽ കയറിയത്. സ്ഥിരമായി സഞ്ചരിക്കുന്ന ബസ് വരുന്നില്ലെന്നറിഞ്ഞതോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് നിർത്തിച്ചു. രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്തെത്തിയപ്പോൾ ഡ്രൈവർ ഓട്ടോ റോഡരികിലേക്ക് ചേർത്തുനിർത്തി. കാരണമന്വേഷിച്ചപ്പോൾ എൻജിൻ തകരാറാണെന്ന് പറഞ്ഞു. തകരാറ് പരിഹരിക്കാനെന്ന വ്യാജേന ഡ്രൈവർ പിന്നിലേക്ക് പോവുകയും യുവതിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ പുറത്തേക്ക് തെറിച്ച യുവതി തീർഥാടകർ സഞ്ചരിച്ച വാഹനത്തിനുമുന്നിലേക്ക് വീണു. ഇതോടെ ഡ്രൈവർ മാലപൊട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ബാഗും മൊബൈലുമായി കടന്നു. തീർഥാടകർ യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കളെത്തി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടെ യുവതിയുടെ കഴുത്ത് ഞെരിഞ്ഞ് മുറിയുകയും കൈകാലുകളിൽ പരിക്കുപറ്റുകയും ചെയ്തു. നഷ്ടപ്പെട്ട ബാഗിൽ 3000 രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. content highlights: autorikshaw, kozhikode, crime


from mathrubhumi.latestnews.rssfeed https://ift.tt/2E8Kpdf
via IFTTT