ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷപാർട്ടികൾ തിങ്കളാഴ്ച ഡൽഹിയിൽ യോഗം ചേരും. തിരഞ്ഞെടുപ്പിനുമുന്പ് സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണപരിപാടികളുമാണ് പ്രധാന അജൻഡ. ചൊവ്വാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൈക്കൊള്ളേണ്ട സംയുക്തനിലപാടുകളും ചർച്ച ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നതിന്റെ തലേന്നാണ് യോഗം. വിവിധ എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകിയത് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചത്. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി.നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ, ആം ആദ്മി പാർട്ടിനേതാവ് അരവിന്ദ് കെജ്രിവാൾ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, സമാജ് വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി. നേതാവുമായ നവീൻ പട്നായിക്കിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വിട്ടുനിൽക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം വേണ്ടെന്നാണ് ബി.ജെ.ഡി. നേരത്തേ കൈക്കൊണ്ട തീരുമാനം. contenthighlights:Opposition Meets Today To Chart Course For 2019 Grand Alliance
from mathrubhumi.latestnews.rssfeed https://ift.tt/2EbZFWA
via
IFTTT