Breaking

Monday, December 10, 2018

കര്‍ണാടക പാഠം: ഫലത്തിന് മുന്നെ ചെറുപാർട്ടികളെ നോട്ടമിട്ട് കോണ്‍ഗ്രസും ബിജെപിയും

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ പലയിടത്തും തൂക്കുസഭകൾക്ക് സാധ്യത കൽപ്പിച്ചതോടെ കിങ്മേക്കർമാരാകാൻ സാധ്യതയുള്ളവരെ പാട്ടിലാക്കാൻ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കോൺഗ്രസും ബിജെപിയും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ ചെറുപാർട്ടികളുമായും ജയിക്കാൻ സാധ്യതയുള്ള സ്വതന്ത്രരുമായും ഇരുപാർട്ടികളും അനൗദ്യോഗിക ചർച്ചകൾ തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ പാഠം ഉൾക്കൊണ്ടാണ് കോൺഗ്രസും ബിജെപിയും ഭരണംപിടിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. മധ്യപ്രദേശിലാണ് ഇത്തരത്തിൽ ചെറുപാർട്ടികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പ്രധാനമായും നടക്കുന്നത്. ഇവിടെ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. സ്വതന്ത്രരും ബിഎസ്പി-ഗൊന്ദാവന ഗൊമാന്ദക് പാർട്ടി സഖ്യവും നിർണായക ശക്തികളാകുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഢിൽ ബിഎസ്പി, കോൺഗ്രസിൽ നിന്ന് പുറത്ത്പോയ അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനതാ കോൺഗ്രസ് സഖ്യവും കിങ്മേക്കറാകാനുള്ള സാധ്യതയാണ് കാണുന്നത്. തെലങ്കാനയിലും തൂക്കു സഭക്കുള്ള സാധ്യത മുന്നിൽ കണ്ട് ടിആർഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്, അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി എന്നിവരൊഴികെയുള്ള പാർട്ടികളുമായി തുറന്ന സഖ്യത്തിന് തയ്യാറാണെന്നായിരുന്നു തെലങ്കാന ബിജെപി അധ്യക്ഷന്റെ പ്രഖ്യാപനം. എന്നാൽ തങ്ങൾക്ക് ആരുമായും സഖ്യം വേണ്ടെന്നും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ടി.ആർ.എസിന്റെ പ്രതികരണം. ഇതിനിടെ സഖ്യ സാധ്യതയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ സ്ഥിരമായി ഒരു സുഹൃത്തില്ലെന്നായിരുന്നു തെലങ്കാന കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ഒവൈസിയുടെ പാർട്ടിയുമായി ഇതിനകം കോൺഗ്രസ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കർണാടക തിരഞ്ഞെടുപ്പിൽ പരസ്പരം ശക്തമായി പോരാടിയ കോൺഗ്രസും ജെഡിഎസും പിന്നീട് ഫലത്തിന് ശേഷമുണ്ടാക്കിയ അപ്രതീക്ഷിത കൂട്ടുകെട്ടിന് സമാനമായി മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെലങ്കാനയിലുള്ള ഉണ്ടാകാനുള്ള സാധ്യതയാണ് രാഷ്ട്രീയ വിദഗ്ദ്ധർ കാണുന്നത്. Content Highlights:BJP, Congress,assembly election results


from mathrubhumi.latestnews.rssfeed https://ift.tt/2L6Jbk9
via IFTTT