Breaking

Saturday, October 23, 2021

വീട്ടുകരം തട്ടിപ്പ് കേസിൽ പ്രതിഷേധം, സംഘർഷം; കിടന്നു തടഞ്ഞ് ബി.ജെ.പി., ചാടിക്കടന്ന് ഭരണപക്ഷം

തിരുവനന്തപുരം : വീട്ടുകരം തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ നടത്തുന്ന നിരാഹാരസമരത്തിനിടെ ചേർന്ന കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങളും സംഘർഷവും. ബി.ജെ.പി. അംഗങ്ങൾ സൃഷ്ടിച്ച പ്രതിരോധം പോലീസ് സാന്നിധ്യത്തിൽ 'ചാടിക്കടന്നെത്തിയ' മേയർ ആര്യാ രാജേന്ദ്രൻ 10 മിനിറ്റിനുള്ളിൽ അജൻഡ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചു. പ്ലക്കാർഡുകളും ബോർഡുകളുമുയർത്തി കോൺഗ്രസ് അംഗങ്ങൾ കൂടി പ്രതിഷേധിച്ചതോടെ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. മേയർ ആര്യാ രാജേന്ദ്രനും ഭരണകക്ഷി അംഗങ്ങളും കൗൺസിൽ ഹാളിൽ എത്തുന്നത് തടയാൻ ബി.ജെ.പി. അംഗങ്ങൾ ഹാളിന്റെ പ്രവേശന കവാടത്തിൽ കിടന്നു പ്രതിഷേധിക്കുകയായിരുന്നു. വനിതാ അംഗങ്ങൾ മേയറുടെ ചേംബറിനു മുന്നിലും ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളുടെ സമീപവും കിടന്നാണ് സമരം നടത്തിയത്. എന്നാൽ, പല വഴികളിലൂടെയെത്തിയ എൽ.ഡി.എഫ്. അംഗങ്ങൾ ഇവരെ ചാടിക്കടന്നും കൗൺസിൽഹാളിന്റെ പിൻവഴിയിലൂടെയും സീറ്റുകളിലെത്തി. സിമി ജ്യോതിഷ്, സൗമ്യ, സുമി ബാലു എന്നിവർ മേയറുടെ ചേംബറിനു മുന്നിൽക്കിടന്ന് വഴി തടഞ്ഞു. സമരക്കാർ വഴിമുടക്കിയതോടെ യോഗം തുടങ്ങേണ്ട സമയമായ 2.30-ന് മേയർക്ക് ചേംബറിലേക്ക് എത്താൻ കഴിഞ്ഞില്ല. ഇതിനിടെ എൽ.ഡി.എഫ്. കൗൺസിലർമാർ മേയർക്ക് സംരക്ഷണമൊരുക്കാനെത്തി. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനിതാ പോലീസുൾപ്പെടെ എത്തിയശേഷം സമരക്കാരെ ചാടിക്കടന്നാണ് മേയർ ചേംബറിലെത്തിയത്. യോഗം തുടങ്ങിയതോടെ കരമന അജിത്, എം.ആർ.ഗോപൻ, ഗിരികുമാർ, മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി. അംഗങ്ങൾ കൗൺസിൽ ഹാളിന്റെ മധ്യഭാഗത്തെത്തി മുദ്രാവാക്യംവിളി തുടങ്ങി. ബഹളത്തിനിടെ മേയർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ അജൻഡ അവതരിപ്പിച്ചു. പ്രതിപക്ഷസമരത്തിനെതിരേ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സലിം സംസാരിച്ചു. തുടർന്ന് അജൻഡകൾ പാസായതായും കൗൺസിൽ യോഗം വിജയകരമായി അവസാനിച്ചതായും മേയർ പ്രഖ്യാപിച്ചു. പിന്നീടും സമരക്കാരെ മറികടന്ന് മേയർ ചേംബറിലേക്കു മടങ്ങി. മറ്റ് കൗൺസിലർമാരുടെ വഴിതടഞ്ഞുകിടന്ന ഷീജാ മധുവിനെയും ജി.എസ്.മഞ്ജുവിനെയും പോലീസ് ഹാളിൽ നിന്ന് ബലംപ്രയോഗിച്ച് നീക്കി. സമരംചെയ്ത വനിതാ കൗൺസിലർമാർക്ക് പരിക്കേറ്റതായി ബി.ജെ.പി. നേതാക്കൾ പറഞ്ഞു. യോഗം പിരിഞ്ഞെങ്കിലും ബി.ജെ.പി., യു.ഡി.എഫ്. കൗൺസിലർമാർ കോർപ്പറേഷനുള്ളിൽ സമരം തടരുകയാണ്. നേരത്തെ സമരം അവസാനിപ്പിക്കാൻ യു.ഡി.എഫ്. കൗൺസിലർമാരുമായി ഭരണസമിതി ചർച്ച നടത്തിയിരുന്നെങ്കിലും വിജയത്തിലെത്തിയില്ല. വ്യാജപ്രചാരണം- മേയർ തിരുവനന്തപുരം : വീട്ടുകരം തട്ടിപ്പ് കേസിൽ പ്രതിപക്ഷം വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങൾ അടച്ച മുഴുവൻ തുകയും നഗരസഭ സംരക്ഷിക്കുമെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു. കരമടയ്ക്കാത്തതിന്റെ പേരിൽ ജപ്തിനടപടിയുണ്ടാകില്ല. നിയമപരമായി നടത്തേണ്ട കൗൺസിൽ യോഗത്തെ തടസ്സപ്പെടുത്താൽ പ്രതിപക്ഷം ശ്രമിച്ചു. തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും മേയർ പറഞ്ഞു. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഭരണസമിതിയാണ്. സൂപ്രണ്ടിന്റേത് മേൽനോട്ട വീഴ്ചയാണ്. സൂപ്രണ്ടിനെയുൾപ്പെടെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ട്. കോവിഡ് സമയത്തെ നോട്ടക്കുറവും സോഫ്റ്റ്വേർ പ്രശ്നവും മൂലമാണ് തട്ടിപ്പ് നടന്നതെന്നും മേയർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3b50m3e
via IFTTT