Breaking

Saturday, October 23, 2021

ഒരു പകലും രാത്രിയും നീണ്ട സസ്പെൻസ് ത്രില്ലർ: നഗരത്തിലൂടെ കപ്പലോടി, ഒടുവിൽ കടൽത്തീരത്ത്

ആലപ്പുഴ:കിഴക്കിന്റെ വെനീസിനെ കണ്ടറിഞ്ഞ് പാലങ്ങളും ഇടറോഡുകളുമെല്ലാം കടന്നു, പടക്കപ്പൽ ലക്ഷ്യസ്ഥാനത്തിനു തൊട്ടരികിലെത്തി. റെയിൽവേയുടെ അനുമതിലഭിച്ചതോടെ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പടക്കപ്പലും വഹിച്ചുള്ള വാഹനം റെയിൽവേക്രോസ് കടന്നു. ശനിയാഴ്ച ആലപ്പുഴ കടപ്പുറത്തു തയ്യാറാക്കിയ പ്ലാറ്റ്ഫോമിൽ കപ്പൽസ്ഥാപിക്കും. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി തുറമുഖമ്യൂസിയത്തിനുള്ള പടക്കപ്പലാണിത്. ഏറെനാളത്തെ അനിശ്ചിതത്വത്തിനുശേഷമാണു പടക്കപ്പൽ കടപ്പുറത്തേക്ക് എത്തിക്കുന്നതിനായി മാർഗമൊരുങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 23-നാണ് തണ്ണീർമുക്കത്ത് വേമ്പനാട്ടുകായലിൽനിന്നു പ്രത്യേകവാഹനത്തിൽ കരയിലൂടെ കപ്പൽ യാത്രയാരംഭിച്ചത്. ഒക്ടോബർ രണ്ടിനു ബൈപ്പാസിനു സമീപമെത്തിയപ്പോൾ യാത്രമുടങ്ങി. കപ്പലുൾപ്പെടെയുള്ളവയുടെ ഭാരം ബൈപ്പാസ് മേൽപ്പാലത്തിനു താങ്ങാനാകുമോയെന്ന ചോദ്യമാണു യാത്രമുടക്കിയത്. ബൈപ്പാസ് മേൽപ്പാലത്തിൽനിന്നു ക്രെയിൻ ഉപയോഗിച്ചു കപ്പൽ താഴെയിറക്കാനായിരുന്നു തീരുമാനം. പിന്നീട് 20 ദിവസങ്ങളായി ദേശീയപാതവിഭാഗത്തിന്റെ അനുമതിലഭിക്കാതായതോടെയാണ് കപ്പലെത്തിക്കുന്നതിനായി ബദൽമാർഗം കരാർ കമ്പനി തേടിയത്. ഇതാണു വിജയംകണ്ടത്. നഗരം കുരുക്കാതെ അതിരാവിലെ യാത്ര :നഗരത്തെ ഗതാഗതക്കുരുക്കിലാക്കാതെയായിരുന്നു പടക്കപ്പലിന്റെ പുതിയപാതയിലൂടെയുള്ള യാത്ര. വെള്ളിയാഴ്ച പുലർച്ചേ അഞ്ചോടെ കൊമ്മാടി ബൈപ്പാസിൽ ടോൾപ്ലാസയ്ക്കു സമീപത്തുനിന്ന് കൊമ്മാടി സിഗ്നൽ ജങ്ഷനിലേക്ക് തിരികെപ്പോയാണ് യാത്രതുടങ്ങിയത്. ഇവിടെ ഏതാനും സിഗ്നൽബോർഡുകൾ നീക്കംചെയ്ത് ആറുമണിയോടെ നഗരത്തിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. മരച്ചില്ലകൾ വെട്ടിമാറ്റി, വൈദ്യുതിലൈനുകളും കേബിളുകളും മറ്റും നീക്കിയ വഴികളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര. മറ്റുവാഹനങ്ങൾക്ക് കടന്നുപോകാൻ വഴിനൽകിയതിനാൽ ഗതാഗതക്കുരുക്കുണ്ടായില്ല. രാവിലെ 8.30-ന് ശവക്കോട്ടപ്പാലംകടന്നു നഗരത്തിലേക്കു പ്രവേശിച്ചു. ബദൽമാർഗത്തിലെ മുൻനിശ്ചയിച്ച പാതയിൽനിന്നുമാറി കോൺവെന്റ് സ്ക്വയറിൽനിന്നു പടിഞ്ഞാറേക്കു തിരിഞ്ഞായിരുന്നു യാത്ര. ഉച്ചയ്ക്ക് 12-ഓടെ കളക്ടർ ബംഗ്ലാവിനുസമീപം കല്ലൻ ലെവൽക്രോസിന് സമീപത്തേക്ക്(64-ാം ലെവൽക്രോസ്) എത്തിച്ചു. തുടർന്ന് രാത്രിയിൽ റെയിൽവേക്രോസ് കടത്തുന്നതിനുള്ള ഒരുക്കംനടത്തി. മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതും റെയിൽവേയുടെ ഇരുന്പുതൂണുകൾ അഴിച്ചുമാറ്റുന്ന ജോലികളുമാണു നടന്നത്. രാത്രി 9.30-നുശേഷം റെയിൽവേയുടെ വൈദ്യുതിലൈനുകൾ ഓഫാക്കി കമ്പികൾ ഉയർത്തിയതിനുശേഷമാണ് റെയിൽവേക്രോസ് കടക്കാനായത്. കപ്പലിനെ വരവേറ്റ് വൈകീട്ടുമുതൽ വൻജനാവലിയാണെത്തിയത്. സെൽഫിയെടുത്തും മറ്റും കപ്പിലിന്റെ വരവ് ഇവർ ആഘോഷമാക്കി.രാത്രി ഒൻപതുമുതൽ കപ്പൽ റെയിൽവേക്രോസ് കടക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടമുള്ളവർ തടിച്ചുകൂടിയിരുന്നു. കപ്പൽ റെയിൽവേ ക്രോസ് കടക്കുന്നത് കണ്ടതിനുശേഷമാണ് പലരും മടങ്ങിയത്. റെയിൽവേലൈൻ കടന്നത് ഉയരംകുറച്ച് :96 ചക്രങ്ങളുള്ള മൾട്ടിആക്സിൽ പുള്ളറിലാണ് കപ്പലിന്റെ സഞ്ചാരം. കപ്പലുംകൊണ്ടുള്ള പുള്ളർ ഉയരംകുറച്ചാണ് റെയിൽവേലൈൻ കടന്നത്. 6.66 മീറ്റർ ഉയരമുള്ള കപ്പൽ ഉൾക്കൊള്ളുന്ന വാഹനം 5.90 മീറ്ററാക്കി കുറച്ചായിരുന്നു യാത്ര. ഹൈഡ്രോളിക് സംവിധാനത്തിലൂടെയാണിതു സാധിക്കുന്നത്. 5.68 മീറ്റർവീതിയാണ് വാഹനത്തിനുള്ളത്. 26 മീറ്ററാണ് നീളം. റെയിൽവേക്രോസ് കടക്കുന്നതിനായി നാലുമണിക്കൂർ സമയമാണനുവദിച്ചത്. ഇതിൽ ഒരുമണിക്കൂർ സമയം വൈദ്യുതി ഓഫാക്കി, പ്രവാഹം നിലയ്ക്കുന്നതിനായിത്തന്നെ വേണ്ടിവന്നു. ലൈൻ ഓഫ്ചെയ്താലും ഒരുമണിക്കൂറോളം കഴിഞ്ഞാലേ വൈദ്യുതി പൂർണമായും ഡിസ്ചാർജ് ആകൂ. ഇത്രയും കാത്തിരുന്നശേഷമാണ് കപ്പൽ ലെവൽക്രോസ് കടത്തിയത്. കരാർകമ്പനി റെയിൽവേയിൽനിന്നു രണ്ടുദിവസത്തെ അനുമതിയാണ് നേടിയത്. എട്ടുലക്ഷം ഇതിനായി അടച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3GdowHq
via IFTTT