Breaking

Saturday, October 23, 2021

ഓൺലൈൻ ഗെയിമിൽ ലക്ഷങ്ങൾ തുലച്ചു, കടം വീട്ടാൻ മാലപൊട്ടിക്കൽ; യുവാവ് പിടിയിൽ

കോഴിക്കോട് : ഓൺലൈൻ ഗെയിം കളിച്ചുണ്ടായ കടം തീർക്കാനായി മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവ് പിടിയിൽ. കണ്ണഞ്ചേരി അറയിൽ വീട്ടിൽ എ.വി. അനൂപി(31)നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഈ മാസം 19-നാണ് കേസിനാസ്പദമായ സംഭവം. തിരുവണ്ണൂർ സ്കൂളിനു സമീപം ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന മാനാരി സ്വദേശിനിയുടെ മാല സ്കൂട്ടറിലെത്തി പൊട്ടിക്കുകയായിരുന്നു. പന്നിയങ്കര പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്കൂളിന്റെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ അവ്യക്തമായിരുന്നു. തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ നമ്പർ മനസ്സിലാക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ്‌ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതിയെ ചോദ്യംചെയ്തപ്പോൾ അന്നേദിവസം ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുകയും അടുത്തദിവസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുപവന്റെ സ്വർണമാല പിടിച്ചുപറിച്ചതായും സമ്മതിച്ചു.ഓൺലൈൻ വിതരണസ്ഥാപനത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെടുന്നത്. തുടർന്ന് സ്ഥിരമായി ഓൺലൈൻ ഗെയിമുകൾ കളിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. കൈയിലുണ്ടായിരുന്ന പണമെല്ലാം കഴിഞ്ഞപ്പോൾ പരിചയക്കാരോടും ഗെയിമിലൂടെ പരിചയപ്പെട്ടയാളുകളുടെ കൈയിൽനിന്നും കടം വാങ്ങിയാണ് കളിച്ചത്. രണ്ടുവർഷത്തിനിടെ മൂന്നുലക്ഷം രൂപയുടെ കടമായി. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 37,000 രൂപ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി. കടം വാങ്ങിയവർ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ നിവൃത്തിയില്ലാതെ മാലപ്പൊട്ടിക്കാൻ ഇറങ്ങുകയാണുണ്ടായതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പന്നിയങ്കര ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐ.മാരായ സുഭാഷ് ചന്ദ്രൻ, ശശീന്ദ്രൻ നായർ,എസ്.സി.പി.ഒ. മാരായ രാജേഷ്,ജിനീഷ്,പത്മരാജ്, സി.പി.ഒ.മാരായ രമേശ്, രഞ്ജീഷ്,രജീഷ് കുമാർ,ദിലീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3B8dGyk
via IFTTT