ഇടത്വലത്ബലാബലത്തെ ചെറുത്ത് കേരളത്തിൽ തങ്ങളുടെ പതാക നാട്ടാൻ അക്ഷീണപരിശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞതവണ ഒ. രാജഗോപാലിലൂടെ ഹരിശ്രീകുറിച്ച നിയമസഭാ രാഷ്ട്രീയം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയോഗമാണ് ഇക്കുറി പാർട്ടി നേതൃത്വത്തിന്. കോന്നിയിലും മഞ്ചേശ്വരത്തും ജനവിധിതേടുന്നതിനുപുറമേ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ കടിഞ്ഞാൺപിടിക്കേണ്ട ഭാരിച്ച ചുമതലയും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുണ്ട്. വികസനവും വിശ്വാസസംരക്ഷണവും സമന്വയിപ്പിച്ചുള്ളതാണ് സുരേന്ദ്രന്റെ പ്രചാരണരീതി. കാറ്റൊന്നടിച്ചാൽ കറണ്ടുപോകുന്ന കോന്നി. മലയോരമണ്ഡലത്തിന്റെ വികസനപിന്നാക്കാവസ്ഥ പറഞ്ഞ് മാറിമാറി ഭരിച്ച മുന്നണികളെ പരിഹസിക്കുന്ന വാചകങ്ങൾ മുന്നിലെ പ്രചാരണവാഹനത്തിൽനിന്ന് മൈക്കിലൂടെ ഉയരുന്നു. കോന്നിയിൽ വികസനമെത്തിക്കാൻ, കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ നേട്ടം കൊണ്ടുവരാൻ എൻ.ഡി.എ.യുടെ വികസനനായകൻ കെ.സുരേന്ദ്രൻ ഈ വാഹനത്തിന് തൊട്ടുപിന്നാലെ എത്തുന്നുവെന്ന അറിയിപ്പ്. കയറ്റിറക്കങ്ങൾ നിറഞ്ഞ, മെറ്റലിളകിയ േറാഡിലൂടെ വേഗംകുറച്ച് സ്ഥാനാർഥിയുടെ വാഹനം വനമേഖലയോടുചേർന്നുകിടക്കുന്ന ഗുരുനാഥൻമണ്ണിലേക്ക്. നിശ്ചയിച്ചിരുന്നതിലും ഒന്നരമണിക്കൂർ വൈകിയാണ് എത്തിയതെങ്കിലും പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം പൊരിവെയിലത്തും കാത്തുനിൽക്കുന്നു. ആരതിയുഴിഞ്ഞുള്ള സ്വീകരണം. വിസ്തൃതമാണ് കോന്നിമണ്ഡലം. ഓരോ ദിവസവും എത്തേണ്ട സ്ഥലങ്ങളേറെ. സ്വീകരണങ്ങളിൽ ഹ്രസ്വമായ പ്രസംഗമാണ്. നേരത്തേ ഇറങ്ങിയ പോയന്റിൽനിന്ന് 15 മിനിട്ടുകൊണ്ട് എത്താമെന്ന് കരുതിയിടത്തേക്ക് മുക്കാൽ മണിക്കൂറിലേറെ എടുത്തു റോഡുവികസനത്തെപ്പറ്റിയുള്ള യു.ഡി.എഫ്., എൽ.ഡി.എഫ്. അവകാശവാദങ്ങളെ പരോക്ഷമായി കളിയാക്കിക്കൊണ്ടുള്ള സുരേന്ദ്രന്റെ ആമുഖപരാമർശം ജനക്കൂട്ടത്തിന് നന്നേ രസിച്ചു. മാറ്റമാണ് കോന്നിക്ക് വേണ്ടത്. പുതിയ കോന്നി മോദിക്കൊപ്പം. പ്രസംഗം കഴിഞ്ഞപ്പോൾ ഒപ്പംനിന്ന് സെൽഫിയെടുക്കാൻ കുട്ടികളുടെ തിരക്ക്. മഞ്ചേശ്വരത്തുനിന്ന് അതിരാവിലെ പുറപ്പെട്ട് പത്തനംതിട്ടയിൽ ഹെലികോപ്റ്റർ ഇറങ്ങിയതാണ്. മണ്ഡലത്തിലെ വിദൂരമായ കിഴക്കൻമലയോരമേഖലയിലാണ് പര്യടനം. ദീർഘയാത്രയുടെ ക്ഷീണമോ തളർച്ചയോ ഒന്നും സുരേന്ദ്രനിൽ പ്രകടമല്ല. അഥവാ അൽപ്പം ക്ഷീണംതോന്നിയാൽത്തന്നെ അത് പ്രവർത്തകരെയും ജനങ്ങളെയും കാണുമ്പോൾ മാറുമെന്ന് അദ്ദേഹം പറയുന്നു. രണ്ടുദിവസം കോന്നിയും രണ്ടുദിവസം മഞ്ചേശ്വരവുമായി പകുത്ത് തുല്യമായ പ്രചാരണം. രണ്ടും മുമ്പ് മത്സരിച്ച മണ്ഡലങ്ങൾ. താഴേത്തട്ടുവരെയുള്ള പ്രവർത്തകർ പരിചിതർ. അതിനാൽ സ്ഥാനാർഥിയുടെ ഒന്നോ രണ്ടോ ദിവസങ്ങളിലെ അഭാവം പ്രചാരണത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. തീപാറുന്ന ത്രികോണപ്പോരാട്ടമാണ് കോന്നിയിൽ. പരമ്പരാഗത വോട്ടിങ് മാറും ഇത്തവണ മാറ്റമുണ്ടാകും ഗുരുനാഥൻമണ്ണിൽനിന്ന് കോട്ടമൺ പാറയിലേക്കുള്ള യാത്രക്കിടെ സുരേന്ദ്രൻ പറഞ്ഞു. പരമ്പരാഗത വോട്ടിങ് രീതിക്ക് ഇത്തവണ മാറ്റംവരും. ആ സൂചനകളാണ് ലഭിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ന്യൂനപക്ഷസമുദായങ്ങളിൽനിന്ന് ബി.ജെ.പി.ക്ക് പിന്തുണ വർധിക്കുമെന്നും സുരേന്ദ്രൻ പറയുന്നു. സ്ഥാനാർഥിമാത്രമല്ല കെ. സുരേന്ദ്രൻ, സംസ്ഥാനത്തെ പാർട്ടിയുടെ അമരക്കാരാൻകൂടിയാണ്. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, കേരളത്തിലുടനീളം പാർട്ടിയുടെയും എൻ.ഡി.എ.യുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുെട ചുക്കാൻ പിടിക്കേണ്ടതുണ്ട്. ഒരു പ്രചാരണയോഗം പൂർത്തിയാക്കി അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കായി കാറിൽ കയറുമ്പോൾത്തന്നെ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചുതുടങ്ങും. മറ്റുമണ്ഡലങ്ങളിൽചുമതലയുള്ള നേതാക്കൾ, പാർട്ടി ഭാരവാഹികൾ എന്നിവരായിരിക്കും മറുതലയ്ക്കൽ. സംസ്ഥാന അധ്യക്ഷന്റെ തീരുമാനങ്ങളും നിർദേശങ്ങളും തേടിയുള്ള വിളികൾ. സ്വീകരണപരിപാടികളും യോഗങ്ങളും കഴിഞ്ഞാലും വ്യക്തികളെ സന്ദർശിക്കലുംമറ്റുമായി അത് നീളും. കടുത്ത ചൂടിനെ അതിജീവിക്കാൻ പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ധാരാളം വെള്ളം കുടിക്കും. പരമാവധി വെജിറ്റേറിയൻ ആഹാരം. നിയമസഭാതിരഞ്ഞെടുപ്പുവിജയമെന്നതിനപ്പുറം മോദി ഭരിക്കുന്ന ഇന്ത്യയിൽ രാഷ്ട്രീയമായി കേരളത്തെ കണ്ണിചേർക്കുക എന്ന വലിയ വെല്ലുവിളി എറ്റെടുത്താണ് കെ. സുരേന്ദ്രന്റെ പോരാട്ടം.
 
from mathrubhumi.latestnews.rssfeed https://ift.tt/2QQRck1
via 
IFTTT