Breaking

Saturday, January 25, 2020

അച്ഛനും അമ്മയ്ക്കും നടുവിൽ കുരുന്നുകൾക്കും അന്ത്യവിശ്രമം

തിരുവനന്തപുരം: എന്നും കളിചിരികൾ നിറഞ്ഞയിടമായിരുന്നു ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്‌നിൽ ‘രോഹിണി’ എന്ന വീട്. അവധിക്കാലമെത്തിയാൽ ആർച്ചയും ശ്രീഭദ്രയും അഭിനവും അവിടത്തെ സന്തോഷമായിരുന്നു. നാട്ടിലെ ക്ഷേത്രം ഉത്സവത്തിനു മുന്നേയെത്താമെന്നു പറഞ്ഞ് അച്ഛനും അമ്മയോടും യാത്രപറഞ്ഞിറങ്ങിയ പ്രവീണും കുടുംബവും ഇനിയില്ലെന്ന് അവർക്കു വിശ്വസിക്കാനാവുന്നില്ല.നേപ്പാളിലുണ്ടായ അപകടവാർത്ത ഉൾക്കൊള്ളാൻ ആർക്കും സാധിക്കുന്നില്ല. കേട്ടതു സത്യമാണെന്നറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും കൃഷ്ണൻനായരെയും കുടുംബത്തെയും ആശ്വസിപ്പിക്കാനോടിയെത്തി. മൂന്നുദിവസമായി അവർ ആ കുടുംബത്തോടൊപ്പം നിന്നു. വ്യാഴാഴ്ച രാത്രി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോേളജിൽ എത്തിച്ചെന്നറിഞ്ഞപ്പോൾത്തന്നെ നാട് അവർക്കു വേണ്ട യാത്രയയപ്പിനൊരുങ്ങി. വെള്ളിയാഴ്ച രാവിലെ രോഹിണി ഭവനിലേക്കുള്ള ഇടവഴിയിൽ അവർ കാത്തുനിന്നു, പ്രിയപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസിനായി. അഞ്ച് ആംബുലൻസുകളിലായി അഞ്ചു പേരുടെയും മൃതദേഹങ്ങൾ വീട്ടുമുറ്റത്തേക്ക്. അവിടെ പ്രത്യേകമായി സജ്ജീകരിച്ചിടത്ത് അവരുടെ ചേതനയറ്റ ശരീരങ്ങളെത്തിച്ചു. ആദ്യം പ്രവീൺ, അടുത്ത് ശരണ്യ, പിന്നെ മക്കൾ എന്ന ക്രമത്തിലായിരുന്നു പൊതുദർശനത്തിനു വച്ചത്. അവസാനമായി ഒരുനോക്കു കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അലമുറയിട്ടു കരഞ്ഞു.പ്രവീണിന്റെയും ശരണ്യയുടെയും അച്ഛനമ്മമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ കരച്ചിലടക്കാനാകാതെ വിഷമിച്ചു. മക്കളെ നഷ്ടപ്പെട്ടവരുടെ വേദന അവിടെ കൂടിനിന്ന എല്ലാവരിലേക്കുമായി. ഇതിനിടെ മന്ത്രിമാരും രാഷ്ട്രീയപ്പാർട്ടി നേതാക്കളുമുൾപ്പെടെയുള്ളവർ ബന്ധുക്കളെ ആശ്വസിപ്പിക്കാനും മൃതദേഹങ്ങൾ കാണാനുമായെത്തി. ഒന്നര മണിക്കൂറിനു ശേഷം ശവസംസ്കാരക്രിയകളിലേക്ക്. ആദ്യം അച്ഛൻ പ്രവീണിനെ ചിതയിലേക്ക്. പിന്നെ കുട്ടികളെ ഓരോ പെട്ടിയിലാക്കി കുഴിമാടത്തിലേക്കും. ഒടുവിലായി അമ്മ ശരണ്യയെയും ചിതയിലേക്ക്. അച്ഛനും അമ്മയ്ക്കും നടുവിലായി കുരുന്നുകൾക്ക് അന്ത്യവിശ്രമം...


from mathrubhumi.latestnews.rssfeed https://ift.tt/2vea1CW
via IFTTT