മുംബൈ: അങ്ങനെ ഒടുവിൽ മലയാളി ആരാധകർ പേടിച്ചതുതന്നെ സംഭവിച്ചു. ടീം ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി 20 പരമ്പരകളിലും അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസൺ ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിൽ നിന്ന് പുറത്തായി. ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽനിന്നാണ് സഞ്ജു പുറത്തായത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്ന ഓപ്പണർ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. രോഹിത്തിനൊപ്പം പേസ് ബൗളർ മുഹമ്മദ് ഷമി മടങ്ങിയെത്തി. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിൽ മറ്റ് മാറ്റങ്ങളില്ല. രോഹിത്തിനൊപ്പം ലോകേഷ് രാഹുലും, ശിഖർ ധവാനും ടീമിലിടം പിടിച്ചു. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ എന്നിവർ സ്ഥാനം നിലനിർത്തി. ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാർ. ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറെ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു വി സാംസൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിൽ വീണ്ടും കളിച്ചത്. 2015-ൽസിംബാബ്വെയ്ക്കെതിരായട്വന്റി-20യ്ക്ക് ശേഷം സഞ്ജു ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. ശ്രീലങ്കയ്ക്കെതിരേ മൂന്നാമനായി ക്രീസിലിറങ്ങി ആദ്യ പന്തിൽ സിക്സ് അടിച്ച് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പന്തിൽ പുറത്തായി. ഈ മത്സരത്തിൽ ഒരു റെക്കോഡും മലയാളി താരം സ്വന്തം പേരിലെഴുതി. പക്ഷേ അത് അത്ര നല്ല റെക്കോഡല്ല. രണ്ടു മത്സരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ട്വന്റി-20കളിൽ പരിഗണിക്കാതിരുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായത്. 2015-ൽ നിന്ന് 2019 വരെയുള്ള കാത്തിരിപ്പിനിടയിൽ സഞ്ജുവിന് നഷ്ടമായത് 73 ട്വന്റി-20 മത്സരങ്ങളാണ്. നേരത്ത ഉമേഷ് യാദവിന്റെ പേരിലായിരുന്നു റെക്കോഡ്. രണ്ടു മത്സരങ്ങൾക്കിടയിൽ 65 ട്വന്റി-20കളിലാണ് ഉമേഷിനെ പരിഗണിക്കാതിരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിന്റെ ജോ ഡെൻലിയാണ് ഒന്നാം സ്ഥാനത്ത്. 79 ട്വന്റി-20കളാണ് ഡെൻലിക്ക് നഷ്ടമായത്. ലിയാം പ്ലങ്കറ്റ് 74 ട്വന്റി-20കളുമായി രണ്ടാം സ്ഥാനത്തും സഞ്ജു സാംസൺ മൂന്നാമതുമാണ്. ശ്രീലങ്കയുടെ മഹേല ഉദാവതെയും സഞ്ജുവിനൊപ്പമുണ്ട്. Content Highlights:sanju samson dropped from new zealand tour rohit sharma comes back
from mathrubhumi.latestnews.rssfeed https://ift.tt/2FLJA9G
via
IFTTT