Breaking

Wednesday, January 15, 2020

ഇറാൻ ആണവക്കരാറിന് മരണമണി: ‘തർക്കപരിഹാര സംവിധാന’വുമായി ഇ-3

പാരീസ്: 2015-ലെ ആണവക്കരാർ നിലനിർത്താൻ ഇറാന് അന്ത്യശാസനവുമായി യൂറോപ്യൻ കക്ഷികൾ. ഇറാനെതിരേ 'തർക്കപരിഹാര സംവിധാനം' അവതരിപ്പിക്കുന്നതായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി (ഇ-3) എന്നീ രാജ്യങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. ഇറാനുമേൽ യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുന്നോടിയായുള്ള ആദ്യനീക്കമാണിത്. തർക്കപരിഹാരസംവിധാനത്തിലേക്ക് പോകുന്ന വിവരം ബ്രിട്ടനും ഫ്രാൻസും ജർമനിയും ചൊവ്വാഴ്ച യൂറോപ്യൻ യൂണിയനെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ ഇക്കാര്യം കരാറിലെ മറ്റുകക്ഷികളായ റഷ്യയെയും ചൈനയെയും ഇറാനെയും അറിയിക്കും. സംയുക്തസമിതിയിൽ 15 ദിവസത്തിനുള്ളിൽ തർക്കം പരിഹരിക്കണം. സന്പുഷ്ട യുറേനിയം ഉത്പാദനത്തിനുള്ള പരിധി ഇറാൻ ലംഘിച്ചതോടെയാണ് ബ്രിട്ടനും ഫ്രാൻസും ജർമനിയും പുതിയ നീക്കവുമായെത്തിയത്. സമ്പുഷ്ട യുറേനിയം പരിധി ലംഘിച്ചതോടെ ഇറാൻ ഒരുവർഷത്തിനുള്ളിൽ ആണവായുധം വികസിപ്പിക്കുമെന്ന ഭയമാണ് നീക്കത്തിനുപിന്നിൽ. അതേസമയം, കരാറിനോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മൂന്നുരാജ്യങ്ങളും ആവർത്തിച്ചു. “ഞങ്ങൾ കരാറിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചു. എന്നാൽ, നിർണായക വ്യവസ്ഥകൾ ലംഘിക്കുകയാണ് ഇറാൻ ചെയ്തത്. ഇറാൻ വ്യവസ്ഥകൾ പാലിക്കാത്തതിലുള്ള ആശങ്കകൾ രേഖപ്പെടുത്തുകയല്ലാതെ ഞങ്ങൾക്കുമുന്നിൽ വേറെ വഴികളില്ല” -മൂന്നുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ പറയുന്നു. അതിനിടെ, ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയാൻ ഇറാൻ ആണവക്കരാറിനുപകരം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനംചെയ്യുന്ന 'ട്രംപ് കരാർ' കൊണ്ടുവരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. തർക്കപരിഹാരസംവിധാനം 2015-ലെ ആണവക്കരാറിൽ വ്യവസ്ഥ ചെയ്യുന്നതാണ് തർക്കപരിഹാര സംവിധാനം. ഇതുപ്രകാരം കരാറിലെ ഒരുകക്ഷി വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ മറ്റുകക്ഷികൾക്ക് അതിനെതിരേ സംയുക്തസമിതിയെ (ജോയിന്റ് കമ്മിഷൻ) സമീപിക്കാം. സംയുക്തസമിതിയിലും തർക്കം പരിഹരിക്കാനായില്ലെങ്കിൽ വിഷയം ഉപദേശകബോർഡിലേക്കും അവിടെയും പരാജയപ്പെട്ടാൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പരിഗണനയിലേക്കും പോകും. അവിടെയും പരിഹാരം കാണാനാകുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയന് ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കാം. Content Highlights:Iran nuclear deal,E-3 with dispute resolution system


from mathrubhumi.latestnews.rssfeed https://ift.tt/2NtbOdF
via IFTTT