Breaking

Wednesday, January 1, 2020

വ്യോമാക്രമണത്തിനു തിരിച്ചടി: ഇറാഖിലെ യു.എസ്. എംബസിക്കുനേരെ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യു.എസ്. സ്ഥാനപതി കാര്യാലയത്തിനുനേരെ പ്രക്ഷോഭകരുടെ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്ള ബ്രിഗേഡ്സിനെ ലക്ഷ്യമിട്ട് യു.എസ്. ഇറാഖിലും സിറിയയിലും ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായാണിത്. ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളുൾപ്പെടെയുള്ള ആയിരത്തോളം പ്രക്ഷോഭകർ ചൊവ്വാഴ്ച എംബസിയിലേക്ക് മാർച്ചുനടത്തി. യു.എസ്. വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച പ്രക്ഷോഭകർ എംബസിയുടെ പ്രധാന കവാടത്തിനുനേരെ കല്ലെറിയുകയും സുരക്ഷാക്യാമറകൾ നശിപ്പിക്കുകയുംചെയ്തു. ആളില്ലാ സുരക്ഷാപോസ്റ്റുകൾ തകർക്കുകയും ചിലതിന് തീയിടുകയുംചെയ്തു. എംബസി കെട്ടിടത്തിന്റെ മതിൽ തകർത്ത് പ്രക്ഷോഭകർ ഉള്ളിൽക്കടന്നതോടെ സ്ഥിതി വഷളായി. പ്രക്ഷോഭകർക്കുനേരെ യു.എസ്. സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. എംബസിയിലുണ്ടായിരുന്ന യു.എസ്. സ്ഥാനപതിയെ സുരക്ഷിതമായി ഒഴിപ്പിച്ചു. അതിസുരക്ഷയുള്ള 'ഹരിതമേഖല'യിലാണ് എംബസി സ്ഥിതിചെയ്യുന്നത്. യു.എസ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണം തന്റെ രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദേൽ അബ്ദുൽ മഹ്ദി പറഞ്ഞു. യു.എസുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിനുമറുപടിയായി ഇറാഖിലെ യു.എസ്. സൈന്യത്തിനുനൽകുന്ന തിരിച്ചടി കനത്തതായിരിക്കുമെന്ന് ഹിസ്ബുള്ള ബ്രിഗേഡ്സ് കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും പറഞ്ഞു. ഭീകരവാദത്തിന്റെ വ്യക്തമായ ഉദാഹരണമാണ് യു.എസ്. ആക്രമണമെന്നാണ് ഇറാൻ പ്രതികരിച്ചത്. Content Highlights:Attack against US embassy in Iraq


from mathrubhumi.latestnews.rssfeed https://ift.tt/2Qcfq5I
via IFTTT