കുന്നംകുളം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 25 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തയാളെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. പൂവത്തൂർ കൂമ്പുള്ളി പാലത്തിനുസമീപം പന്തായിൽ ദിനേഷ് (36) ആണ് സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. സുഹൃത്തിനയച്ച സന്ദേശത്തിന് ലൈക്കടിച്ചായിരുന്നു തുടക്കം. പിന്നീട് ഫോൺ സംഭാഷണങ്ങളിലൂടെ ബന്ധം ദൃഢമാക്കി. വിവിധ സ്ഥലങ്ങളിൽവെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലിചെയ്തിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകൾ പറഞ്ഞാണ് പലപ്പോഴായി 25 പവൻ സ്വർണാഭരങ്ങൾ കൈക്കലാക്കിയത്. സ്ത്രീയുടെ ഭർത്താവ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങൾ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളിൽ പണയം വെച്ചിരിക്കുകയാണ്. സ്വർണാഭരണങ്ങൾ തിരിച്ചുതരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്. എ.എസ്.ഐ. ജോയ്, സുധീർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങി പണയംവെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.ഐ. കെ.ജി. സുരേഷ് പറഞ്ഞു. content highlights:facebook,crime,housewife.gold
from mathrubhumi.latestnews.rssfeed https://ift.tt/2rqsI1a
via
IFTTT