Breaking

Sunday, October 24, 2021

സൂപ്പര്‍ ഹീറോയല്ല, സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ - സമീര്‍ വാംഖഡെ | INTERVIEW

ബോളിവുഡ്താരം സുശാന്ത്സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിലാണ് സമീർ വാംഖഡെ എന്ന എൻ.സി.ബി. ഉദ്യോഗസ്ഥൻ ആദ്യമായി വാർത്തകളിലിടം നേടുന്നത്. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച ഈ കേസിൽ ഒട്ടേറെ പ്രമുഖരെ എൻ.സി.ബി. സംഘം ചോദ്യംചെയ്തിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വിൽപ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. സമീറായിരുന്നു ഈ നീക്കങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്. 2008 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറാണ് മുഖം നോക്കാതെയുള്ള നടപടികൾക്ക് പ്രശസ്തനായ ഈ മനുഷ്യൻ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ, 2013-ൽ എൻ.ഐ.എ. അഡീഷണൽ എസ്.പി., ഡി.ആർ.ഐ. ജോയന്റ് കമ്മിഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ തലവനായി എത്തുന്നത്. കസ്റ്റംസ് ഓഫീസറായിരിക്കേ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഒരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാംഖഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീറായിരുന്നു. ഷാരൂഖ് ഖാൻ, വിവേക് ഒബ്റോയി, രാംഗോപാൽ വർമ, അനുരാഗ് കശ്യപ് എന്നിവരും സമീറിന്റെ കർശന നിരീക്ഷണവലയിൽപ്പെട്ടവരാണ്. 2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പുപോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. നികുതി അടയ്ക്കാത്തതിന് പല പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരേയാണ് മഹാരാഷ്ട്ര സർവീസ് ടാക്സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കേ സമീർ കേസ് രജിസ്റ്റർ ചെയ്തത്. എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്തശേഷം ഏകദേശം 17,000 കോടി രൂപയുടെ ലഹരിമരുന്നുവേട്ടയാണ് സമീർ വാംഖഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വീടുകളിൽ സമീർ ഒരു മടിയുംകൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. തനിക്കെതിരേ ഭീഷണി നിലനിൽക്കെത്തന്നെ മുംബൈ പോലീസ് ഉദ്യോഗസ്ഥർ പിന്തുടരുന്നുവെന്ന പരാതി മഹാരാഷ്ട്ര ഡി.ഐ.ജി.ക്ക് നൽകിയ ദിവസമാണ് അദ്ദേഹം മാതൃഭൂമി വാരാന്തപ്പതിപ്പുമായി സംസാരിക്കുന്നത്. ബോളിവുഡ് കിങ് ഖാന്റെ മകൻ ആര്യൻഖാനെ അറസ്റ്റുചെയ്തതോടെ പൊതുജനത്തിന്റെ മനസ്സിൽ താങ്കളാണ് ഹീറോ. എന്തു തോന്നുന്നു ഞാൻ സാധാരണക്കാരനായ ഒരു സർക്കാർജീവനക്കാരനാണ്. സർക്കാരാണ് എനിക്ക് ശമ്പളം നൽകുന്നത്. ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് എന്റെ സേവനം. അവരെയും രാജ്യത്തെയും മരണംവരെ ഞാൻ സേവിക്കും. അതിൽ ഞാൻ ഹീറോയല്ല. ജനങ്ങളാണ് എന്റെ ഹീറോ. ഞാനെന്റെ കടമ നിർവഹിക്കുന്നു. അതിൽ കവിഞ്ഞൊന്നും തന്നെയില്ല. ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണംമുതൽ താങ്കൾ വേട്ടയാടിയത് വമ്പൻസ്രാവുകളെയാണ്. ഭീഷണികൾ പിന്നാലെയുണ്ടാവുമല്ലോ 1985ലെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം ലംഘിക്കുന്നവരെയാണ് ഞങ്ങൾ അറസ്റ്റു ചെയ്യുന്നത്. അതിൽ വലിയവരോ ചെറിയവരോ എന്നില്ല. ജാതി, മതം, വർണം ഒന്നും പ്രശ്നമല്ല. നിയമലംഘകരെ അറസ്റ്റു ചെയ്യുന്നു, അത്രമാത്രം. മയക്കുമരുന്ന് ഇന്ന് രാജ്യം നേരിടുന്ന വലിയ വിപത്താണ്. അത് വലിയവിഭാഗം യുവജനതയെയാണ് കൊന്നൊടുക്കുന്നത്. അതിനെ ഏതുവിധേനെയും പ്രതിരോധിക്കേണ്ടത് രാജ്യത്തെ സാധാരണപൗരൻ എന്ന നിലയിൽ എന്റെ കടമയാണ്. ഞാനും എന്റെ സംഘാംഗങ്ങളും ആത്മാർഥതയോടെ ജോലിചെയ്യുന്നു. അതിൽ കവിഞ്ഞൊന്നുംതന്നെയില്ല. പിന്നെ ഭീഷണി, അത് ഈ ജോലിയുടെ ഭാഗം തന്നെയാണ്. ഞാനും എന്റെ സംഘവും അത്തരം കാര്യങ്ങളെ ഭയക്കുന്നില്ല. മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കുക എന്നത് ഞങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്. ആര്യൻഖാന്റെ അറസ്റ്റോടെയാണ് താങ്കൾ വീണ്ടും വിവാദനായകനായത് ഇതിൽ വിവാദത്തിന്റെ പ്രശ്നങ്ങളോ, നായകപ്രശ്നങ്ങളോ ഇല്ല. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കപ്പലിൽവെച്ച് ആര്യൻഖാനെയും സംഘത്തെയും അറസ്റ്റു ചെയ്തത്. വെറുതേ ആരെയെങ്കിലും അറസ്റ്റു ചെയ്യുമോ? കേന്ദ്ര സുരക്ഷാസേനയ്ക്കാണ് കപ്പലിൽ ഇത്തരമൊരു മയക്കുമരുന്ന് പാർട്ടി നടക്കുന്ന വിവരം ആദ്യം ലഭിക്കുന്നത്. അവർ എൻ.സി.ബി.ക്ക് വിവരം കൈമാറുകയായിരുന്നു. കോടതിയിൽ കിടക്കുന്ന കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ല, അത് നിയമലംഘനമാകും. കപ്പലിൽ യാത്രക്കാരായി കയറിയാണ് അറസ്റ്റുചെയ്തതെന്ന് പറയുന്നു. അതെങ്ങനെയായിരുന്നു അതിന് കൃത്യമായ വഴികളുണ്ട്. ഓരോ കേസും ഞങ്ങളിലേക്ക് എത്തുന്നത് വിശദമായി പരിശോധിക്കും. വസ്തുതകളിലെ സത്യസന്ധത ബോധ്യപ്പെട്ടാൽ മാത്രമേ റെയ്ഡ് നടത്താറുള്ളൂ. എടുത്തുചാടി ഒന്നും ചെയ്യാറില്ല. എൻ.സി.ബി.യുടെയും മുംബൈ പോലീസിന്റെയും ശൃംഖല ശക്തമാണ്. സന്നദ്ധസംഘടനകൾ, മാതാപിതാക്കൾ, സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൗരന്മാർ അങ്ങനെ എല്ലാവരും ഞങ്ങൾക്ക് വിവരങ്ങൾ നൽകാറുണ്ട്, എല്ലാ കാര്യവും വെളിപ്പെടുത്താനാവില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈവർഷംതന്നെ 312 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. നൂറിലധികം കേസുകളും രജിസ്റ്റർചെയ്തുകഴിഞ്ഞു. മയക്കുമരുന്ന് നിയമം ലംഘിക്കുന്നവർ ചെറിയവരോ വലിയവരോ എന്നു നോക്കാറില്ല. നിയമലംഘനം നടത്തുന്നവർ ആരായാലും അറസ്റ്റുചെയ്യും, കേസെടുക്കും. ആര്യൻഖാനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല എന്ന വാദമാണല്ലോ ഇപ്പോൾ ഉയരുന്നത് കോടതിയിൽ കിടക്കുന്ന കേസായതിനാൽ കൂടുതൽ ഒന്നും പറയാനില്ല. ഈ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്നിന്റെ കണ്ണികളെ കണ്ടെത്താനായിട്ടുണ്ട്. പതിനേഴിലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ആര്യൻഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്. അതിനുള്ള തെളിവുകളുമുണ്ട്. മുംബൈയിൽതന്നെ ഇയാൾക്ക് മയക്കുമരുന്ന് നൽകുന്നവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ ലഭിച്ചിട്ടുണ്ട്. വിദേശ ബന്ധങ്ങളെപ്പറ്റിയും അന്വേഷണം നടക്കുന്നു. റെയ്ഡിൽ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കൊക്കെയ്ൻ, എം.ഡി.എം.എ., മെഫഡ്രോൺ, ഹൈഡ്രോഫോണിക് വീഡ്, ഹാഷിഷ് ഉൾപ്പെടെ വിവിധയിനം മയക്കുമരുന്നുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആര്യൻഖാനെ താങ്കൾ ഷാരൂഖ്ഖാന് മുന്നിൽവെച്ച് മുഖത്തടിച്ചുവെന്ന വാർത്തകൾ വരുന്നുണ്ട്. അത് സത്യമാണോ ഇതിലൊന്നും യാതൊരു വസ്തുതയുമില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഞങ്ങൾ കേന്ദ്ര ഏജൻസികൾ ഇത്തരം മർദനമുറകൾ അവലംബിക്കാറില്ല എന്നകാര്യം ആദ്യം മനസ്സിലാക്കുക. ഇതൊക്കെ ആർക്കുവേണ്ടി പടച്ചുവിടുന്ന വാർത്തകളാണെന്ന് എനിക്കറിയില്ല ആര്യൻഖാൻ താൻ ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തനരംഗത്തെത്തുമെന്ന് അങ്ങയോട് പറഞ്ഞതായും കണ്ടല്ലോ. വസ്തുതയെന്താണ് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരെ കൗൺസലിങ്ങിന് വിധേയമാക്കാറുണ്ട്. അതിൽ സന്നദ്ധസംഘടനയുടെ അംഗങ്ങൾ, ആത്മീയരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരൊക്കെ വരാറുണ്ട്, സംസാരിക്കാറുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന പലർക്കും പിന്നീട് കുറ്റബോധം തോന്നി ചിലർ ഇത്തരം കാര്യങ്ങൾ പറയാറുണ്ട്. ആര്യൻഖാനെ മാത്രമല്ല എല്ലാവരെയും കൗൺസലിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ആര്യൻഖാൻ പറഞ്ഞത് വാർത്തയായി എന്നേയുള്ളൂ. വമ്പൻസ്രാവുകളെ പിടികൂടുമ്പോൾ ഉന്നതങ്ങളിൽനിന്ന് സമ്മർദമുണ്ടാവുക സ്വാഭാവികമാണല്ലോ? അത്തരം സമ്മർദം ഉണ്ടായിട്ടുണ്ടോ എന്റെ ഉന്നതരായ ഓഫീസർമാരിൽനിന്ന് ഇതുവരെ എനിക്ക് ഒരു സമ്മർദവും ഉണ്ടായിട്ടില്ല. അതെന്റെ ഭാഗ്യമായാണ് കാണുന്നത്. അവർ എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്റെ ഓരോ സേവനകാലത്തും അത്തരം ഓഫീസർമാർ എന്റെ കൂടെ നിന്നിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അവർ എന്റെ സേവനത്തിലെ ശക്തിയാണ്. ചില രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, താങ്കൾ ബി.ജെ.പി.ക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപണമുന്നയിക്കുന്നുണ്ടല്ലോ? അതിന് ഞാൻ മറുപടി പറയുന്നില്ല. ആരാണോ നിയമലംഘകർ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. രാഷ്ട്രീയം എന്നെ ബാധിക്കുന്ന പ്രശ്നമല്ല. അവർക്ക് അവരുടെ വഴി, എനിക്ക് എന്റെ വഴി. ഐ.ആർ.എസ്. ഓഫീസർ, കസ്റ്റംസ് ഓഫീസർ, എൻ. ഐ.എ.യിൽ, ഇപ്പോൾ എൻ.സി.ബി.യിൽ... ഏതു സേവനമേഖലയോടാണ് കൂടുതൽ ഇഷ്ടം ഓരോ മേഖലയിലും സേവനം നടത്താൻ എനിക്ക് അവസരം നൽകിയ കേന്ദ്രസർക്കാരിനോട് നന്ദിയുണ്ട്. എല്ലാ മേഖലയിലെയും ജോലിയും വെല്ലുവിളികൾ നിറഞ്ഞതാണ്. ഒന്നിനോട് പ്രത്യേകിച്ച് ഇഷ്ടം എന്നൊന്നില്ല. എല്ലാ ജോലിയും ഏറ്റെടുക്കാൻ ഞാൻ സന്നദ്ധനുമാണ്. ഓരോ ജോലിയും ഇഷ്ടത്തോടെയാണ് ചെയ്യുന്നതും. എല്ലാം രാഷ്ട്രത്തെ സേവിക്കലാണ്. അത് മനോഹരമായി, ആത്മാർഥതയോടെ ഞാൻ ചെയ്യുന്നു. അതിൽ പൂർണ തൃപ്തനാണ് ഞാൻ. സമീർ വാംഖഡെ എൻ.ഐ.എ.യിൽ ഉണ്ടായിരുന്ന സമയത്ത് അമേരിക്കയിൽ വച്ചുനടന്ന ആയുധപരിശീലനത്തിനിടെ നടത്തിയ വലിയ ഓപ്പറേഷനുകളെപ്പറ്റി പറയാമോ വിമാനത്താവളത്തിൽ സേവനത്തിലുണ്ടായിരുന്ന സമയത്ത് വൻമയക്കുമരുന്നു വേട്ട നടത്തിയിട്ടുണ്ട്. വലിയ കണ്ടെയ്നറുകളിൽ വന്ന ഹെറോയിൻ പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മുംബൈ നഗരത്തിലെ മാൻകൂർഡിൽവെച്ച് എട്ടോളം പെട്ടികളിൽ വന്ന മയക്കുമരുന്നും നൈജീരിയക്കാരെയും അറസ്റ്റുചെയ്തു. ഞങ്ങൾക്കു നേരെ ശക്തമായ ആക്രമണം ഉണ്ടായി. അന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഓപ്പറേഷനായിരുന്നു അത്. ആ സംഘത്തെ പൂർണമായും ഇല്ലാതാക്കി എന്ന ആശ്വാസമുണ്ട്. ആക്രമണത്തിൽ രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. വലിയ പദവികളിലിരുന്നു-ഇനി താങ്കളുടെ സ്വപ്നമെന്താണ് ഞാൻ ജനിച്ചതും വളർന്നതും മുംബൈയിലായിരുന്നു. എപ്പോഴും എന്റെ മാതാവ് പറയുന്നകാര്യം രാജ്യത്തെ ആത്മാർഥമായി സേവിക്കുക എന്നതാണ്. ആ ഉപദേശം എപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അവസാനശ്വാസംവരെ മാതാവിന്റെ ഉപദേശം ഞാൻ പിന്തുടരും. കുടുംബത്തെപ്പറ്റി... എന്റെ അച്ഛനും പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ സേവനത്തിൽനിന്ന് വിമരമിച്ചു. പേര് നാംദേവ് വാംഖഡെ, അമ്മ സൈഡ വാംഖഡെ. സന്നദ്ധസംഘടന നടത്തിയിരുന്നു. മുംബൈ നഗരത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം, ഭക്ഷണം എന്നിവ നൽകിയിരുന്നു. ഇപ്പോൾ അമ്മയില്ല. സഹോദരി ജാസ്മിൻ അഭിഭാഷകയാണ്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ സന്നദ്ധസംഘടന നടത്തുന്നുണ്ട്. ഭാര്യ മറാഠി നടി ക്രാന്തി രേദ്ഖർ. അവരിപ്പോൾ പൂർണമായും കുടുംബിനിയാണ്. ഞങ്ങൾക്ക് ഇരട്ടക്കുട്ടികളാണുള്ളത്. യുവജനതയ്ക്ക് വല്ല ഉപദേശവുമുണ്ടോ മാതാപിതാക്കളോടാണ് എനിക്ക് പറയാനുള്ളത്. കുട്ടികളെ നന്നായി ശ്രദ്ധിക്കണം. അവർ മയക്കുമരുന്നിന്റെ വഴിയിലേക്ക് മാറുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിച്ചാൽത്തന്നെ മനസ്സിലാവും. അവരുടെ ദിവസച്ചെലവും നിരീക്ഷിക്കണം. കുട്ടികൾ മയക്കുമരുന്നിന് അടിമയായാൽ അവർ മാത്രമല്ല രാജ്യവുമാണ് തകരുന്നത്. കുട്ടികളെ സർഗാത്മകമായി വളരാൻ പ്രേരിപ്പിക്കുക. കായികവിനോദങ്ങൾ, ഹോബികൾ എന്നിവ വളർത്തിയെടുക്കുക. അവരെ ഈ ഇരുണ്ടലോകത്തുനിന്ന് മാറിനടക്കാൻ പ്രേരിപ്പിക്കുക. ആരൊക്കെയാണ് അങ്ങയുടെ റോൾ മോഡലുകൾ ഛത്രപതി ശിവജി മഹാരാജ്, ഭഗത്സിങ്, ബാബ സാഹേബ് അംബേദ്കർ നിലവിൽ താങ്കൾക്ക് ഭീഷണി നിലനിൽക്കുന്നു. ഈ അവസ്ഥയെ കുടുംബം എങ്ങനെയാണ് കാണുന്നത് എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പൂർണപിന്തുണയുണ്ട്. അവരൊരിക്കലും ഭയക്കുന്ന കൂട്ടത്തിലല്ല. കുടുംബം നൽകുന്ന ആത്മബലം തന്നെയാണ് എന്റെ പ്രവർത്തനങ്ങൾക്കു പിറകിൽ. ഞാൻ ആരെയും ഭയക്കുന്നില്ല. സമീർ വാംഖഡെ മാതാവ് സൈഡ വാംഖഡെയ്ക്കൊപ്പം സമീർ വാംഖഡെയോട് കുടുംബഫോട്ടോ ആവശ്യപ്പെട്ടപ്പോൾ മാതാവിനൊപ്പമുള്ള ഫോട്ടോ മാത്രമാണ് നൽകിയത്. അവർ ആറുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. തന്റെ ജീവന് ഭീഷണി നിലനിൽക്കേ, കുടുംബാംഗങ്ങളെക്കൂടി അപകടത്തിൽപ്പെടുത്തേണ്ട എന്ന കരുതലാണ് ഇതിനുപിന്നിൽ. മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ അംഗരക്ഷകരെ സുരക്ഷയ്ക്കായി നിയമിച്ചു. മുംബൈയിലെ എൻ.സി.ബി.യുടെ ആസ്ഥാനത്ത് കൂടുതൽ സായുധ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. മാതാവിനെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറുവർഷമായി സമീർ വാംഖഡെ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. രണ്ട് പോലീസുകാർ ഈ സെമിത്തേരിയിലെത്തുകയും ഇവിടെനിന്ന് അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. Content Highlights: Ncb mumbai chief sameer wankhede interview


from mathrubhumi.latestnews.rssfeed https://ift.tt/3GeSzym
via IFTTT