മാഞ്ചസ്റ്റർ: സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാ അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ് ലിവർപൂളിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 13-ാം മിനിറ്റിൽ ഡിയോഗൊ ജോട്ട രണ്ടാം ഗോൾ നേടി. 38-ാം മിനിറ്റിൽ സലാ തന്റെ ആദ്യ വെടിപ്പൊട്ടിച്ച് ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഇഞ്ചുറി ടൈമിൽ സലാ വീണ്ടും വെടിയുതിർത്ത് ലിവർപൂളിന്റെ സ്കോർ നാലാക്കി. മടങ്ങിയെത്തി രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും സലാ ഹാട്രിക് തികച്ചു. തുടർച്ചയായി പത്താം മത്സരത്തിലാണ് മുഹമ്മദ് സലാ ഗോൾവല ചലിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി. ഇതിനിടെ കീറ്റയെ അപകടകരമായി നേരിട്ടതിന് 60-ാം മിനിറ്റിൽ പോൾ പോഗ്ബെ റെഡ് കാർഡ് വാങ്ങി പുറത്ത് പോകുകയും ചെയ്തു. വീഡിയോ അസിസ്റ്റന്റ് റഫറി (വാർ)യുടെ സഹായം തേടിയ ശേഷമാണ് റഫറി പോഗ്ബെയ്ക്ക് റെഡ്കാർഡ് നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3mbJNcA
via
IFTTT