Breaking

Friday, October 1, 2021

കോവിഡ് നെഗറ്റീവാകുന്ന പനിബാധിതർക്ക് ഡെങ്കി പരിശോധന; ആരോഗ്യവകുപ്പ് നിർദേശം നൽകി

കൊല്ലം : കോവിഡ് സ്രവപരിശോധനയിൽ നെഗറ്റീവാകുന്ന പനിബാധിതർക്ക് ഡെങ്കിപ്പനി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. സംസ്ഥാനത്ത് വീണ്ടും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ പനിലക്ഷണമുള്ളവർക്ക് നിർബന്ധമായും ഡെങ്കി പരിശോധന നടത്തും.മൂന്നുവർഷം കൂടുമ്പോൾ ഡെങ്കിപ്പനി വ്യാപകമാകുന്ന ചാക്രിക പ്രവണത കാണിക്കാറുണ്ട്. ഇതനുസരിച്ച് ഇക്കൊല്ലം ഡെങ്കി കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.എന്നാൽ ഇതുവരെ മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡെങ്കി കേസുകൾ കുറവാണ്. എല്ലാ ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിലയിടങ്ങളിൽ ഒന്നിച്ച് ഒട്ടേറെപ്പേർക്ക് രോഗബാധയുണ്ടായി. ഇത്തരം പ്രദേശങ്ങളിൽ കോവിഡ് പരിശോധനയിൽ നെഗറ്റീവായ പനിലക്ഷണമുള്ളവരുടെ രക്തം പരിശോധിച്ചപ്പോൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.കേരളമടക്കം 11 സംസ്ഥാനങ്ങളിൽ അപകടകാരികളായ ഡെങ്കി വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകിയിരുന്നു. അപകടകാരിയായ ഡെങ്കി വൈറസിന്റെ വകഭേദം രാജ്യത്ത് വരാനിടയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈസാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പ്രതിരോധത്തിന് പ്രത്യേക കർമപദ്ധതി തയാറാക്കാനും പറഞ്ഞിട്ടുണ്ട്. വെക്ടർ ഡെൻസിറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ ഉറവിടനശീകരണം, ഫോഗിങ് എന്നിവ നടത്താനും ആരോഗ്യവകുപ്പ് നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3F6bZVo
via IFTTT