തിരുവനന്തപുരം: പങ്കാളിത്ത പെൻഷനെതിരായ മുൻ നിലപാടിൽ മാറ്റംവരുത്തി സംസ്ഥാനസർക്കാർ. പെൻഷൻ മുഴുവൻ സർക്കാർ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാർ പൂർണമായും പെൻഷൻ ചെലവ് വഹിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രായോഗികമല്ലെന്നാണ് നിലപാട് -ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശാക്തീകരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പങ്കാളിത്ത പെൻഷൻ നടപ്പായിട്ട് എട്ടുവർഷം കഴിഞ്ഞു. ഇത്രനാളും ജീവനക്കാരുടെ വിഹിതംകൂടി പിടിച്ചശേഷം ഇനിയൊരു തിരിച്ചുനടപ്പ് അസാധ്യമാണ്. പങ്കാളിത്ത പെൻഷൻ നടപ്പാക്കാത്തത് ബംഗാൾ മാത്രമാണ്. അവിടെ സ്ഥിരനിയമനം ഇല്ല. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കേണ്ട ആവശ്യവും ഇല്ല. കേരളത്തിലെ പങ്കാളിത്ത പെൻഷൻ തുടരുന്നത് സംബന്ധിച്ച് സാമ്പത്തികസ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് നയപരമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.2013 ഏപ്രിൽ ഒന്നുമുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. സർക്കാരും ജീവനക്കാരും പത്തുശതമാനം വീതമാണ് ഇതിലേക്ക് വിഹിതം നൽകുന്നത്. എന്നാൽ, അന്ന് എൽ.ഡി.എഫ്. ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു. അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്നു പറഞ്ഞ എൽ.ഡി.എഫ്. തുടർഭരണം ലഭിച്ചിട്ടും പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം പങ്കാളിത്ത പെൻഷൻ നടപ്പായ 2013 ഏപ്രിൽ ഒന്നിനുമുമ്പ് തസ്തിക വിജ്ഞാപനം ചെയ്യുകയും എന്നാൽ, ഈ തീയതിക്കുശേഷം നിയമനം ലഭിക്കുകയും െചയ്തവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് സമിതി ശുപാർശചെയ്തിരുന്നു. ഇതുസംബന്ധിച്ച ഫയൽ മാസങ്ങളായി ധനവകുപ്പിലുണ്ടെങ്കിലും സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാതൃഭൂമി കഴിഞ്ഞദിവസം വാർത്തനൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/39StIBl
via
IFTTT