Breaking

Friday, October 1, 2021

വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ സസ്പെൻഷൻ: കൊടിസുനി ശക്തി തെളിയിച്ചെന്ന് ജീവനക്കാർ

തൃശ്ശൂർ: കൊടിസുനി ഉൾപ്പെടെയുള്ളവരിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയ സൂപ്രണ്ട് എ.ജി. സുരേഷിനെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് വാദം. സുനി രാഷ്ട്രീയശക്തി തെളിയിച്ചിരിക്കുകയാണെന്നും ഇത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുമെന്നും ഒരുവിഭാഗം ജീവനക്കാർ വിലയിരുത്തുന്നു. നിലവിലെ ഭരണകക്ഷിയോട് ആഭിമുഖ്യം പുലർത്താത്തഓഫീസറാണ് സുരേഷ്. വർഷങ്ങളായി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന പലരിൽനിന്നും അവ സുരേഷ് പിടികൂടിയിരുന്നു. ഇതിൽ കൊടിസുനിയും ഉൾപ്പെടും. മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തോടൊപ്പം കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ശുപാർശയും സൂപ്രണ്ട് വകുപ്പിന് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. രണ്ടുമാസത്തിനുള്ളിൽ ഇതേ സെൻട്രൽ ജയിലിലേക്ക് തിരിച്ചെത്തുമെന്നും അതിനുമുന്നേ സുരേഷിന്റെ തൊപ്പി തെറിപ്പിക്കുമെന്നും വെല്ലുവിളിച്ചാണ് സുനി ജയിൽ മാറിയത്. അതിനുശേഷമാണ് വിയ്യൂർ ജയിലിലെ ഫോൺവിളി വാർത്തകൾ പുറത്തെത്തിയത്. എന്നാൽ, അതെല്ലാം സുരേഷ് സൂപ്രണ്ടായി ചുമതലയേൽക്കുന്നതിന് മുന്പുണ്ടായിരുന്ന ഫോൺവിളികളുടെ വാർത്തകളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയതും ഒടുവിൽ സുരേഷിന്റെ സസ്പെൻഷനിലേക്ക് കാര്യങ്ങളെത്തിയതും. സ്വർണക്കടത്തുകേസിനെ തുടർന്നെത്തിയവർക്ക്വി.ഐ.പി പരിഗണന നൽകിയില്ല എന്ന കാരണത്തിനാലാണ് അതിസുരക്ഷാ ജയിൽ സൂപ്രണ്ടായിരുന്ന സുരേഷിനെ 2020 ഒാഗസ്റ്റിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതെന്ന് ആരോപണമുണ്ട്. ഈ മാറ്റത്തിന് പിന്നിലും കൊടിസുനിക്ക് സ്വർണക്കടത്തുകാരും പാർട്ടിയുമായും ഉണ്ടായിരുന്ന ബന്ധങ്ങളായിരുന്നുവെന്ന് പറയുന്നു. തവനൂരിൽ നിർമിക്കുന്ന ജയിലിലേക്കാണ് മാറ്റിയതെങ്കിലും വിരമിക്കാൻ ഏറെ കാലമില്ലെന്ന ആനുകൂല്യത്തിൽ വിയ്യൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു. കൊടിസുനി വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ആദ്യമായി മൊബൈൽ പിടികൂടിയത് സുരേഷാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടിയതും ഒരുവർഷത്തിനിടെയാണ്. മുമ്പുണ്ടായ വകുപ്പുതലനടപടിക്കെതിരേ സുരേഷ് നൽകിയ പരാതി കോടതിയിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2WujWCz
via IFTTT