മഞ്ചേരി: കർണാടകയിൽ ക്രഷർ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനംചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയെന്ന കേസിൽ പി.വി. അൻവർ എം.എൽ.എ. പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. പി. വിക്രമൻ വ്യാഴാഴ്ച മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. മംഗലാപുരം ബൽത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി.വി. അൻവറിന് വിറ്റ കാസർകോട് സ്വദേശിയിൽനിന്ന് ക്രൈംബ്രാഞ്ച് നേരത്തേ മൊഴിയെടുത്തിരുന്നു. ക്രഷർ പ്രവർത്തിക്കുന്ന രണ്ടേക്കറോളംവരുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലുള്ളതല്ലെന്നും സർക്കാരിന്റെ പാട്ടഭൂമിയിലാണെന്നുമാണ് ഇയാൾ നൽകിയ മൊഴി.എന്നാൽ ക്രഷർ സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും കാണിച്ചാണ് പരാതിക്കാരനായ മലപ്പുറം പട്ടർകടവ് നടുത്തൊടി സലീമുമായി പി.വി. അൻവർ കരാറുണ്ടാക്കിയതെന്നും പാട്ടഭൂമിയിലാണെന്ന വസ്തുത മറച്ചുവെച്ചത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം സാക്ഷിമൊഴി ശരിയാണോയെന്ന് രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിനായി മംഗലാപുരത്തുപോയി അന്വേഷണം നടത്തി ഉടൻ അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2018-ലാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏൽപ്പിച്ചത്. മഞ്ചേരി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. രണ്ടരവർഷം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാനോ ക്വാറി സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുക്കാനോ ക്രൈംബ്രാഞ്ച് തയ്യാറാകാത്ത സാഹചര്യത്തിലാണ് സലീം വീണ്ടും കോടതിയെ സമർപ്പിച്ചത്. ഇതേത്തുടർന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/39SYBWp
via
IFTTT