പ്രായോഗിക രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന ചൊല്ലിനെ കൂടുതൽ ഉറപ്പിക്കുന്ന സംഭവികാസങ്ങളാണ് മഹാരാഷ്ട്രയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് അപ്രതീക്ഷിത ട്വിസ്റ്റുകളോടെയുള്ള ക്ലൈമാക്സ് ആണ് ശനിയാഴ്ച രാവിലെ അരങ്ങേറിയത്. ശിവസേന-എൻസിപി-കോൺഗ്രസ് കക്ഷികൾ മഹാ വികാസ് അഘാടി എന്ന പേരിൽ സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബിജെപിയുമായി അധികാരം പങ്കിടുന്നതിനുള്ള ശിവസേനയുടെഅവസാന സാധ്യതയും അടഞ്ഞതിനു ശേഷമായിരുന്നു ഇത്. മഹാരാഷ്ട്രയിൽ ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണെങ്കിൽ അത് ശിവസേനയുടെ മുഖ്യമന്ത്രിയായിരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്ക് യാഥാർഥ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് പിന്നീട്നടന്നത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ശനിയാഴ്ച പുലർച്ചെ നടന്ന ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ ധാരണയിൽനിന്ന് ബിജെപി പിൻവാങ്ങിയെന്നാരോപിച്ചാണ് ശിവസേന ബിജെപിയുമായുള്ളസഖ്യംവിട്ടത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്നും ആദ്യ രണ്ടര വർഷം തങ്ങൾക്കു നൽകുമെന്നുമുള്ള വാഗ്ദാനം ലംഘിക്കുകയും തങ്ങളെ വഞ്ചിക്കുകയും ചെയ്തെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. സഖ്യം വിട്ട ശിവസേന എൻസിപിയെയും കോൺഗ്രസിനെയും ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കാനായി പിന്നീട് ശ്രമം. അദ്യം ഇടഞ്ഞുനിന്ന കോൺഗ്രസിനെ സാവധാനം പാളയത്തിലെത്തിക്കാനും ശിവസേനയ്ക്കു സാധിച്ചു. ശിവസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസുമായി മധ്യസ്ഥ ചർച്ചകൾക്കെല്ലാം മുൻകൈ എടുത്തിരുന്നത് എൻസിപിയായിരുന്നു. വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ ആണ് നിർദേശിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥന മാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്. ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ശരദ് പവാർ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ധാരണയനുസരിച്ച്, അഞ്ചുവർഷംമുഴുവൻ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കുതന്നെയാണെന്നായിരുന്നു ധാരണ. ആഭ്യന്തരവകുപ്പ് എൻ.സി.പി.ക്കും ധനം കോൺഗ്രസിനുമായിരിക്കുമെന്നും നഗരവികസനം, റവന്യൂ വകുപ്പുകൾ ശിവസേന കൈകാര്യംചെയ്യുമെന്നും ധാരണയിലെത്തി. ആരൊക്കെ മന്ത്രിമാരാവണമെന്നും അവരുടെ വകുപ്പുകളും സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്ന സംഭവവികാസങ്ങളാണ് രാത്രി ഇരുട്ടിവെളുത്തപ്പോൾ സംഭവിച്ചത്. പുതിയസംഭവവികാസങ്ങൾ കോൺഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി ഒരു നിലയ്ക്കും ഒത്തുപോകാനാകാത്ത ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിലേയ്ക്ക് കോൺഗ്രിസനെ എത്തിച്ചത് ആഴ്ചകൾ നീണ്ടുനിന്ന ചർച്ചകളായിരുന്നു. ഇപ്പോൾ കോൺഗ്രസുമായി പതിറ്റാണ്ടുകൾ നീണ്ട മുന്നണി ബന്ധത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് എൻസിപി എൻഡിഎയിലേയ്ക്ക് കളംമാറ്റിച്ചവിട്ടിയിരിക്കുന്നത്. കോൺഗ്രസ്-എൻസിപി- ശിവസേനാ ചർച്ചകൾ ആരംഭിക്കുന്നതിനു മുൻപ്, കഴിഞ്ഞ ആഴ്ച പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതൊഴിച്ചാൽ ബിജെപി-എൻസിപി ചർച്ചകൾ സംബന്ധിച്ച് കൂടുതൽ വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ബിജെപിയുമായുള്ള എൻസിപിയുടെ രാഷ്ട്രീയ ചർച്ചകൾ എവിടെ, എപ്പോൾ നടന്നു എന്നതുപോലും ആർക്കുമറിയില്ല. Content Highlgihts: Maharashtra politics,Maharashtra government formation, Devendra Fadnavis takes oath as Maharashtra Chief Minister
from mathrubhumi.latestnews.rssfeed https://ift.tt/34bAqOo
via
IFTTT