Breaking

Friday, November 29, 2019

സി.ഐ.ടി.യു. യോഗമുണ്ട്; വിനോദ് നിക്കോൾ സത്യപ്രതിജ്ഞയ്ക്കെത്തിയില്ല

മുംബൈ: ബി.ജെ.പി.യ്ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനമായി ദാദറിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ അധികാരമേൽക്കുന്നത് കാണാൻ മഹാരാഷ്ട്ര നിയമസഭയിലെ ഏക ഇടതുപക്ഷ അംഗം എത്തിയില്ല. ' ഞാൻ ഉറനിലാണ്. സി.ഐ.ടി.യു.വിന്റെ ഒരു യോഗമുണ്ട്'- അന്വേഷിച്ചപ്പോൾ, സി.പി.എം. എം.എൽ.എ. വിനോദ് നിക്കോൾ പറഞ്ഞു. സംസ്ഥാനത്ത് നാണംകെട്ട അധികാര നാടകം അരങ്ങേറിയ ദിവസങ്ങളിൽ, നിയുക്ത നിയമസഭാ സാമാജികരെയെല്ലാം അതതുപാർട്ടികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടച്ചിട്ടപ്പോൾ അക്കൂട്ടത്തിലും നിക്കോൾ ഇല്ലായിരുന്നു. കാലം തെറ്റിവന്ന മഴയിൽ കൃഷിനശിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ദഹാനുവിൽ അഖിലേന്ത്യാ കിസാൻ സഭ നടത്തിയ സമരത്തിലായിരുന്നു അദ്ദേഹം. 'കോൺഗ്രസും എൻ.സി.പി.യും ശിവസേനയും എം.എൽ.എ.മാരെ പാർപ്പിച്ച ഹോട്ടലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഞങ്ങളുടെ എം.എൽ.എ.യെ നോക്കാൻ ഞങ്ങൾക്കറിയാം എന്ന് അവരോടു പറഞ്ഞു'- സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം അശോക് ധവാളെ പറഞ്ഞു. ബി.ജെ.പി. അധികാരത്തിൽ തിരിച്ചുവരുന്നത് തടയേണ്ടതുണ്ട് എന്നതിനാൽ ബദൽ സർക്കാർ രൂപവത്കരണത്തെ എതിർക്കേണ്ടതില്ല എന്നതാണ് സി.പി.എമ്മിന്റെ നിലപാട്. എന്നാൽ സർക്കാരിന് ഔപചാരികമായി പിന്തുണ നൽകുകയുമില്ല. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാനായി നടന്ന പ്രതിപക്ഷ എം.എൽ.എ.മാരുടെ യോഗത്തിലും വിനോദ് നിക്കോൾ പങ്കെടുത്തിരുന്നില്ല. മുൻസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തി കർഷകരുടെയും സാധരണക്കാരുടെയും ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യമാണ് സി.പി.എം. മുന്നോട്ടുവെച്ചിട്ടുള്ളത്. കോടീശ്വരൻമാരെക്കൊണ്ടു നിറഞ്ഞ മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും ദരിദ്രനായ അംഗമാണ് വിനോദ് നിക്കോൾ. സ്കൂൾ പഠനം മുഴുവനാക്കാൻ പോലുമാകാതെ വടാ പാവ് വിറ്റുനടക്കേണ്ടി വന്ന ഈ നേതാവിന്റെ ആസ്തി 51,082 രൂപ മാത്രമാണ്. ഡി.വൈ.എഫ്.ഐ.യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നിക്കോൾ സി.ഐ.ടി.യുവിന്റെ താനെ-പാൽഘർ ജില്ലാ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണിപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് വിനോദ് നിക്കോളിന്റെ ദഹാനുവിൽ മാത്രമേ വിജയിക്കാനായുള്ളൂ. ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. പാസ്കൽ ധനാരേയെയാണ് ഇവിടെ സി.പി.എം. തോൽപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/33pUwDz
via IFTTT