തിരുവനന്തപുരം/കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽവന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്. ലയനനടപടികളിൽ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാനസർക്കാർ നൽകിയ പ്രത്യേക അപേക്ഷയിലാണ് കോടതി അടിയന്തരമായി വാദംകേട്ടത്. ഷെഡ്യൂൾ ബാങ്കായ കേരള ബാങ്കിൽ നോൺ ഷെഡ്യൂൾ ബാങ്കായ ജില്ലാബാങ്കുകൾ ലയിപ്പിക്കുന്നതിൽ അപാകമുണ്ടെന്ന വാദവും കോടതി തള്ളി. ഏതുതരത്തിലുള്ള അംഗീകാരമാണ് സംസ്ഥാനബാങ്കിനു നൽകേണ്ടതെന്നു തീരുമാനിക്കേണ്ടത് റിസർവ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതരമായ ലംഘനങ്ങളും അപാകങ്ങളുമുണ്ടെങ്കിലല്ലാതെ നടപടികളെ ചോദ്യംചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലയനം എങ്ങനെയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടി പൂർത്തിയായശേഷം അന്തിമാനുമതി ഘട്ടത്തിൽ പരാതികൾ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആരോപണങ്ങൾ തള്ളി. മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്കിന് തിരിച്ചുനൽകണമെന്നാണു വ്യവസ്ഥ. എന്നാൽ, അതുടനുണ്ടാവില്ല. കോർബാങ്കിങ് ഉൾപ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസൻസ് നിലനിർത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും. മൂന്നംഗ താത്കാലിക ഭരണസമിതി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോർജ് എന്നിവരുൾപ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു. ഒരുവർഷമാണ് സമിതിയുടെ കാലാവധി. എന്നാൽ, ലയനം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേൽക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായ പി.എസ്. രാജൻ ജനുവരിയിൽ ചുമതലയേൽക്കും. പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും. content highlights: High court clears path for Kerala Bank
from mathrubhumi.latestnews.rssfeed https://ift.tt/2qY78oa
via
IFTTT