Breaking

Saturday, November 30, 2019

ഒടുവിൽ ആഹ്ലാദ് മാനുഷയായി; പിന്തുണച്ചും സ്വീകരിച്ചും സുഹൃത്തുക്കൾ

ശ്രീകാര്യം(തിരുവനന്തപുരം): ആഹ്ളാദിൽനിന്ന്‌ മാനുഷയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. സ്വത്വപ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പക്ഷേ, തീരുമാനത്തിൽ ആഹ്ലാദ് ഉറച്ചുനിന്നു. പ്രതിസന്ധിഘട്ടത്തിൽ താങ്ങായി സുഹൃത്തുക്കളും കാമ്പസും ഒപ്പംനിന്നതോടെ ട്രാൻസ്‌ വുമണാകാനുള്ള ആഹ്ളാദിന്റെ തീരുമാനം യാഥാർഥ്യത്തിലേക്ക‌്‌. ‘സ്വന്തം വ്യക്തിത്വത്തെ അവഗണിച്ച് ഞാൻ എത്ര നാളാണ് ജീവിക്കുക?’ -മാനുഷയായി മാറിയ ആഹ്ലാദ് ചോദിക്കുന്നു. 22 വയസ്സുള്ള, ഒരു മാസം മുൻപ്‌ വരെ ആൺകുട്ടിയായി അറിയപ്പെട്ട ആഹ്ലാദ് ഇപ്പോൾ മാനുഷ എന്ന ട്രാൻസ് വുമണാണ്‌. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയും കാര്യവട്ടം കാമ്പസിലെ എം.എ. പൊളിറ്റിക്കൽ സയൻസ് അവസാനവർഷ വിദ്യാർഥിയുമാണ്. മാനുഷ ആകാനുള്ള തീരുമാനത്തോട് വീട്ടുകാരും ബന്ധുക്കളും പൊരുത്തപ്പെട്ടിട്ടില്ല. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. മറ്റ് ആൺകുട്ടികളിൽനിന്ന്‌ താൻ വ്യത്യസ്തനാണെന്ന് ആഹ്ലാദ് മുൻപേ മനസ്സിലാക്കിയിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ പാവാട ധരിക്കാനും തലമുടി നീട്ടിവളർത്താനും ഇഷ്ടപ്പെട്ടിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ പെൺവേഷം കെട്ടാനായിരുന്നു താത്പര്യം.ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം കാര്യവട്ടം കാമ്പസിലെത്തിയപ്പോഴാണ്‌ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ ധൈര്യമുണ്ടായത്. ഡോക്ടറെ സമീപിക്കാൻ സുഹൃത്തുക്കളും മുതിർന്ന വിദ്യാർഥികളും സഹായിച്ചു. കാമ്പസിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വൈസ് ചാൻസലർക്ക്‌ അപേക്ഷ നൽകിയതിനെത്തുടർന്ന് അധ്യാപകരുടെ ഹോസ്റ്റലിൽ പ്രത്യേക താമസസൗകര്യം അനുവദിച്ചു. ട്രാൻസ് വുമണായി വന്ന മാനുഷയെ കാര്യവട്ടം കാമ്പസിലെ സുഹൃത്തുക്കളും അധ്യാപകരും ചേർന്നു സ്വീകരിച്ചു. പൂർണമായും സ്ത്രീയാകാൻ ഹോർമോൺചികിത്സ തേടുമെന്നും മാനുഷ പറഞ്ഞു. തന്റെ മാറ്റം അറിഞ്ഞ അമ്മയെ, ഫോണിൽ സംസാരിച്ച് സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു. തന്നെ അമ്മയും അച്ഛനും ഇപ്പോൾ സ്വീകരിക്കാൻ തയ്യാറല്ലെങ്കിലും താൻ അവരെ ഉപേക്ഷിക്കില്ലെന്ന് മാനുഷ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/33DtAQV
via IFTTT