Breaking

Friday, November 29, 2019

കെട്ടിക്കിടക്കുന്നത് 60,000 കേസുകൾ; സുപ്രീംകോടതിയുടെ മേഖലാ ബെഞ്ചുകൾക്കായി സമ്മർദം

ന്യൂഡൽഹി: കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനുമായി സുപ്രീംകോടതിക്ക് മേഖലാബെഞ്ചുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തിപ്രാപിക്കുന്നു. രാജ്യസഭയിൽ കഴിഞ്ഞദിവസം ഒട്ടേറെ എം.പി.മാർ ഈയാവശ്യമുന്നയിച്ചു.രാജ്യത്ത് നാലോ അഞ്ചോ സ്ഥലങ്ങളിൽ സുപ്രീംകോടതിയുടെ മേഖലാ ബെഞ്ചുകൾ വേണമെന്ന ആവശ്യം പുതിയതല്ല. നിയമ കമ്മിഷൻമുതൽ പാർലമെന്റ് സ്റ്റാൻഡിങ്‌കമ്മിറ്റിവരെ ഇക്കാര്യം ശുപാർശചെയ്തതാണ്. മേഖലാ ബെഞ്ചുകൾ സ്ഥാപിക്കണമെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി 2004, 2005, 2006 വർഷങ്ങളിലാണ്‌ ശുപാർശ ചെയ്തത്. നിയമ കമ്മിഷന്റെ റിപ്പോർട്ടിലും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഒന്നിലേറെത്തവണ ഈ വിഷയം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതിൽ ചീഫ് ജസ്റ്റിസും ആശങ്ക പ്രകടിപ്പിച്ചതോടെ സുപ്രീംകോടതിക്ക് ദക്ഷിണേന്ത്യയിലെങ്കിലും ബെഞ്ച് വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. നീതി വൈകുന്നത് നീതിനിഷേധമായതിനാൽ സമയബന്ധിതമായി കേസുകൾ തീർപ്പാക്കാൻ സംവിധാനം വേണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ആവശ്യപ്പെട്ടത്. രാജ്യത്തെ മുഴുവൻ ഹൈക്കോടതികളിൽനിന്നും ട്രിബ്യൂണലുകളിൽനിന്നും അപ്പീലുകളെത്തുന്നത് സുപ്രീംകോടതിയിലാണ്. നേരിട്ടെത്തുന്ന റിട്ട് ഹർജികളുമുണ്ട്. 2018 മേയ് നാലുവരെയുള്ള കണക്കെടുത്താൽതന്നെ 54,013 പരാതികളാണ് സുപ്രീംകോടതിയിൽ തീർപ്പുകാത്തുകിടക്കുന്നത്. വലിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ഇതേപ്രശ്നം പരിഹരിക്കാൻ മേഖലാബെഞ്ചുകളുണ്ട്. ഉദാഹരണത്തിന് തമിഴ്‌നാട്ടിൽ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് ചെന്നൈയിലും മേഖലാബെഞ്ച് മധുരയിലുമാണ്. യു.പി.യിൽ ലഖ്നൗ, അലഹാബാദ്, മഹാരാഷ്ട്രയിൽ മുംബൈ, നാഗ്പുർ, മധ്യപ്രദേശിൽ ഇന്ദോർ, ജബൽപുർ എന്നിവിടങ്ങളിലാണ് യഥാക്രമം പ്രിൻസിപ്പൽ ബെഞ്ചും മേഖലാബെഞ്ചും പ്രവർത്തിക്കുന്നത്. കർണാടകത്തിലാവട്ടെ ബെംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിനുപുറമേ ധാർവാർഡിലും ഗുൽബർഗയിലുമാണ് മറ്റു ബെഞ്ചുകൾ. നിയമ കമ്മിഷൻസുപ്രീംകോടതിക്ക് ഡൽഹിയിൽ ഒരു ഭരണഘടനാബെഞ്ചും മറ്റുനാലിടങ്ങളിൽ മേഖലാബെഞ്ചുകളും വേണമെന്നാണ് നിയമ കമ്മിഷന്റെ 229-ാമത്തെ റിപ്പോർട്ടിൽ പറയുന്നത്. ഭരണഘടനാ ബെഞ്ചിനുപുറമേ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ്‌ മേഖലാ ബെഞ്ചുകൾ വേണ്ടത്.ഉപരാഷ്ട്രപതി സെപ്റ്റംബറിൽ ചെന്നൈയിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങിനിടെയാണ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു മേഖലാബെഞ്ചുകൾക്കായി വാദിച്ചത്. ഡൽഹിയിൽനിന്ന് വിദൂരത്തുള്ള പരാതിക്കാർക്കും അഭിഭാഷകർക്കും ഏറെ സമയവും പണവും ലാഭിക്കാൻ ഇതുവഴി സാധിക്കുമെന്ന് ഉപരാഷ്ട്രപതി നേരത്തേയും പലതവണ പറഞ്ഞിരുന്നു. ജസ്റ്റിസ് ചെലമേശ്വർസുപ്രീംകോടതിയിലെത്തുന്ന കേസുകളിൽ 60 ശതമാനവും ഹൈക്കോടതിയിലെത്താൻപോലും യോഗ്യതയില്ലാത്തവയാണെന്ന് ജസ്റ്റിസ് ചെലമേശ്വർ അഭിപ്രായപ്പെട്ടിരുന്നു. ജാമ്യക്കേസുകൾപോലും പരിഗണിക്കേണ്ടിവരുന്ന അവസ്ഥയാണ് സുപ്രീംകോടതിക്ക്. സുപ്രീംകോടതിയിലെത്തുന്ന കേസുകളിൽ ഭൂരിഭാഗവും ഡൽഹിക്കുസമീപത്തെ ചില സംസ്ഥാനങ്ങളിൽനിന്നാണ്. വിദൂരസ്ഥലങ്ങളിൽനിന്ന് സുപ്രീംകോടതിയിലെത്താൻ പ്രയാസമാണെന്നും അദ്ദേഹം ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. ഇടപെടേണ്ടത് ചീഫ് ജസ്റ്റിസ് പാർലമെന്റിൽ പലതവണ ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബുധനാഴ്ചയാണ് രാജ്യസഭയിൽ തമിഴ്‌നാട്ടിൽനിന്നുള്ള വൈകോയും പി. വിൽസണും ഇക്കാര്യം ആവശ്യപ്പെട്ടത്. ദക്ഷിണേന്ത്യക്കാർക്കായി ചെന്നൈയിൽ ബെഞ്ച് വേണമെന്നാണ് വൈകോയുടെ ആവശ്യം. മേഖലാബെഞ്ചുകൾ തുടങ്ങാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെയാണ് കനിയേണ്ടത്. ചീഫ് ജസ്റ്റിസിന് രാഷ്ട്രപതിയുടേതല്ലാതെ മറ്റാരുടെയും അനുമതി തേടേണ്ടതില്ല. തടസ്സംനിന്നത് സുപ്രീംകോടതിമേഖലാബെഞ്ചുകൾ വേണമെന്ന ആവശ്യം സുപ്രീംകോടതി 2010-ൽ തള്ളിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ 27 ജഡ്ജിമാർ ഉൾപ്പെടുന്ന ഫുൾകോർട്ടാണ് ആവശ്യം തള്ളിയത്. അന്നത്തെ നിയമമന്ത്രി എം. വീരപ്പമൊയ്‌ലി ഉൾപ്പെടെയുള്ളവരുടെ കത്തുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചത്. 1999, 2001, 2004, 2006 വർഷങ്ങളിൽ പാസാക്കിയ പ്രമേയങ്ങൾ ശരിവെച്ചുകൊണ്ടാണ് ഫുൾകോർട്ടിന്റെ തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/33sKS2Z
via IFTTT