Breaking

Saturday, November 30, 2019

കൽപ്പേനി​യിൽ കണ്ടെത്തിയ ബോട്ടിൽ യെമനിൽ നിന്ന്‌ രക്ഷപ്പെട്ടതൊഴിലാളികൾ

ഫോർട്ട്കൊച്ചി: ഗൾഫിലേക്ക് തൊഴിൽ തേടിപ്പോയി യെമെനിലെത്തി ബോട്ടിൽ കുടുക്കിലായിപ്പോയ മത്സ്യബന്ധന തൊഴിലാളികൾ ബോട്ടുമായി രക്ഷപ്പെട്ട് പലായനം ചെയ്യുന്നതിനിടെയാണ് ലക്ഷദ്വീപിലെ കൽപ്പേനിക്കടുത്ത് എത്തിയതെന്ന് തീര രക്ഷാസേനയുടെ കണ്ടെത്തൽ. കൽപ്പേനി ദ്വീപിനടുത്ത് സംശയകരമായി കണ്ടെത്തിയ യെമെൻ രജിസ്ട്രേഷനുള്ള ബോട്ട് കോസ്റ്റ് ഗാർഡ് കൊച്ചിയിലെത്തിച്ചു. രണ്ട് മലയാളികളടക്കം ഒമ്പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കൊല്ലം, മയ്യനാട് മുക്ക് സ്വദേശി നൗഷാദ് (41), കൊല്ലം പരവൂർ സ്വദേശി നിസാർ (44) എന്നിവരും തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൺ (47), ആൽബർട്ട് ന്യൂട്ടൻ (35), എസ്ക്കാലിൻ (29), അമൽ വിവേക് (33), ഷാജൻ (30), സഹായ ജഗൻ (28), സഹായ രവികുമാർ (27) എന്നിവരുമാണ് ബോട്ടിലുണ്ടായിരുന്നത്. കൊച്ചിയിലെത്തിച്ച ശേഷം ഈ തൊഴിലാളികളെ കോസ്റ്റ് ഗാർഡും നാവികസേനയും ചോദ്യം ചെയ്തു. ഇവരെ കോസ്റ്റൽ പോലീസിനെ ഏൽപ്പിച്ചു. കേസുകളൊന്നുമില്ലെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. തമിഴ്നാട്ടിലലെ തൊഴിലാളി സംഘടനയുടെ സന്ദേശത്തെത്തുടർന്ന് ഡോർണിയർ വിമാനത്തിന്റെ പരിശോധനാ പറക്കലിനിടയിലാണ് ബോട്ട് കണ്ടത്. കൂടുതൽ അന്വേഷണത്തിനായി കടലിലേക്ക് പോയ കോസ്റ്റ് ഗാർഡിന്റെ കപ്പൽ ഈ ബോട്ടിനെ കൊച്ചിയിലെത്തിക്കുകയായിരുന്നു. കുടുങ്ങിയത്, ഷാർജയിലേക്കു പോയ തൊഴിലാളികൾ ഫോർട്ട്കൊച്ചി: തൊഴിലാളികളെല്ലാം ഒരു വർഷത്തോളമായി വേതനം കിട്ടാതെ യാതന അനുഭവിച്ചുവരികയായിരുന്നു. ഒരു വർഷം മുമ്പ് ഷാർജയിലേക്ക് പുറപ്പെട്ടതാണിവർ. കഴിഞ്ഞ ഡിസംബറിൽ വിസിറ്റിങ് വിസയിലാണ് പോയത്. അവിടെ പോയി ഏതെങ്കിലും ബോട്ടിൽ ജോലിക്ക് കയറുകയായിരുന്നു ലക്ഷ്യം. ഷാർജയിൽ എത്തിയ ഇവരെ ഒമാനിലേക്ക് കൊണ്ടുപോകാമെന്ന് സ്പോൺസർ പറഞ്ഞു. എന്നാലിവർ എത്തിപ്പെട്ടത് യെമെനിലാണ്. യെമെനിലെ സ്പോൺസറുടെ ബോട്ടിൽ ഇവർ ജോലിക്ക് കയറി. മീൻ പിടിക്കാൻ കടലിൽ പോകുന്ന ഇവർ 20-30 ദിവസം കഴിഞ്ഞാണ് കടലിൽ നിന്ന് മടങ്ങിയിരുന്നത്. യെമെനിലെ ഹാർബറിൽ മീൻ ഇറക്കും. യെമെൻ വിസയില്ലാത്തതിനാൽ ഇവർക്ക് അവിടെ ഇറങ്ങാൻ കഴിയുമായിരുന്നില്ല. സ്പോൺസറാകട്ടെ വേതനവും നൽകിയില്ല. ബോട്ടിനുള്ള ഇന്ധനവും ഇവർക്കുള്ള ഭക്ഷണവും മാത്രമാണ് സ്പോൺസർ നൽകിയിരുന്നത്. മാസങ്ങൾ കഴിഞ്ഞതോടെ ഇവർ വലഞ്ഞു. കുടുംബവുമായി ബന്ധപ്പെടാൻ വഴിയില്ലാതായി. ശമ്പളം ഉടനെ തരാമെന്നു പറഞ്ഞ് സ്പോൺസർ കബളിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഇവർ ബോട്ടുമായി നാട്ടിലേക്ക് പോരാൻ തീരുമാനിക്കുകയായിരുന്നു. 30 ദിവസത്തേക്കുള്ള ഇന്ധനം വേണമെന്നും വളരെ ദൂരെയാണ് മീൻ പിടിക്കാൻ പോകുന്നതെന്നും ഇവർ സ്പോൺസറെ ബോധ്യപ്പെടുത്തി. അങ്ങനെ കൂടുതൽ ഇന്ധനവും ഭക്ഷ്യവസ്തുക്കളും കിട്ടി. തുടർന്ന് ലക്ഷദ്വീപ് ലക്ഷ്യമാക്കി ബോട്ട് ഓടിക്കുകയായിരുന്നു. ലക്ഷദ്വീപ് എത്തിയപ്പോഴേക്കും ഇന്ധനം തീർന്നു. തുടർന്ന് സാറ്റലെറ്റ് ഫോൺ വഴി തമിഴ്നാട്ടിലെ ഫിഷർമെൻ അസോസിയേഷനുമായി ഇവർ ബന്ധപ്പെട്ടു. അവർ വഴിയാണ് നാവികസേന വിവരമറിയുന്നത്. അവർ വിവരം കോസ്റ്റ് ഗാർഡിന് കൈമാറി. ബോട്ട് കസ്റ്റഡിയിൽ, തൊഴിലാളികളെ വിട്ടയയ്ക്കും യെമെൻ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ കൊച്ചിയിൽ എത്തിച്ചപ്പോൾ യെമെൻ രജിസ്ട്രേഷനുള്ള 'അൽ-താരീയേയ' എന്ന ബോട്ടാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. തൊഴിലാളികൾ യെമെനിൽ പോയെന്നുള്ളതിന് രേഖകളൊന്നുമില്ല. 11 മാസമായി ശമ്പളം കിട്ടിയില്ലെന്ന് തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം തൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് കോസ്റ്റൽ സി.ഐ. ക്രിസ്പിൻ സാം പറഞ്ഞു. തൊഴിലാളികളുടെ ബന്ധുക്കൾ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2rDmWfZ
via IFTTT