Breaking

Wednesday, November 27, 2019

പവര്‍ ഗെയിമില്‍ പവാര്‍

മുംബൈ/ന്യൂഡൽഹി: ബുധനാഴ്ചതന്നെ നിയമസഭയിൽ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകൾക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചു. ഇതോടെ 162 എം.എൽ.എ.മാരുടെ പിന്തുണയുള്ള ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കാനുള്ള അരങ്ങൊരുങ്ങി. സഖ്യത്തിന്റെ നേതാക്കൾ ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ഭഗത്സിങ് കോഷിയാരിയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജിപാർക്കിൽ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂർ തികയും മുമ്പെയാണ് രണ്ടാമൂഴത്തിൽ ഫഡ്നവിസിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഉപമുഖ്യമന്ത്രി അജിത് പവാർ രാജിസമർപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നവിസും ഒഴിഞ്ഞത്. എൻ.സി.പി. സഭാംഗങ്ങളുടെ പിന്തുണ സമാഹരിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അജിത് പവാർ പിൻവാങ്ങിയത്. ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന അഘാഡിയുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ 10.30-ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനകം എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി അന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഉത്തരവ്. വിശ്വാസവോട്ടെടുപ്പ് വൈകിയാൽ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നും വിധിയിൽ നിരീക്ഷിച്ചു. വിശ്വാസവോട്ടെടുപ്പ് നേരത്തേയാക്കേണ്ടതില്ലെന്നും ഗവർണറുടെ തീരുമാനത്തിൽ ഇടപെടരുതെന്നുമുള്ള ഫഡ്നവിസിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. കേസ് 12 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോടതി നിർദേശിച്ച സമയപരിധിക്കകം ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന സംഖ്യയിലേക്കെത്താൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് വിശ്വാസവോട്ടുതേടാതെ രാജിവെക്കാൻ ഫഡ്നവിസ് തീരുമാനിച്ചത്. പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി നാലുമണിയോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രോട്ടെം സ്പീക്കർ ചുമതലയേറ്റു സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നിയമസഭാ സമ്മേളന നടത്തിപ്പിന് ഗവർണർ താത്കാലിക സ്പീക്കറെ നിയോഗിച്ചു. ബി.ജെ.പി.യിലെ കാളിദാസ് കൊളംബ്കർ ചൊവ്വാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. രാജി നാലാം ദിവസം രണ്ടാംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നാലുദിവസം പിന്നിടുമ്പോഴാണ് ദേവേന്ദ്ര ഫഡ്നവിസിനു രാജിവെക്കേണ്ടി വന്നത്. ഉദ്ധവ് താക്കറെയെ പൊതുനേതാവായി പ്രഖ്യാപിച്ച് ശിവസേന-എൻ.സി.പി.-കോൺഗ്രസ്സഖ്യം മന്ത്രിസഭയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഫഡ്നവിസ് മുഖ്യമന്ത്രിയായും എൻ.സി.പി. നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 23-നു രാവിലെ 5.47-ന് രാഷ്ട്രപതിഭരണം നീക്കി രാവിലെ 7.50-നു മാധ്യമങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു സത്യപ്രതിജ്ഞ. വാർത്താ ഏജൻസി എ.എൻ.ഐ.യെ മാത്രമാണ് ചടങ്ങിലേക്കു ക്ഷണിച്ചത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച്, ഗവർണറെ കാണാനിരുന്ന മഹാസഖ്യത്തിനു വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബി.ജെ.പി.യുടെ അപ്രതീക്ഷിത നീക്കം. എൻ.സി.പി.യിലെ 35 പേരുടെയെങ്കിലും പിന്തുണ അജിത് പവാറിനുണ്ടെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ശരദ് പവാറിന്റെ ഇടപെടലിലൂടെ അജിത്തിനൊപ്പമുണ്ടായിരുന്ന ഒൻപത് എം.എൽ.എ. മാർകൂടി പാർട്ടിനേതൃത്വത്തിനൊപ്പം തിരിച്ചെത്തി. ഇതോടെയാണ് ബി.ജെ.പി.യുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീണത്. കഴിഞ്ഞദിവസം 162 എം.എൽ.എ.മാരെ മാധ്യമങ്ങൾക്കുമുന്നിൽ അണിനിരത്തി മഹാവികാസ് അഘാഡി ശക്തിതെളിയിച്ചിരുന്നു. ഇടപെടുന്നത് കുതിരക്കച്ചവടം തടയാൻ കോടതികളുടെ അധികാരപരിധിയും നിയമനിർമാണസഭകളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള അതിർവരമ്പുകൾ സംബന്ധിച്ച തർക്കം കാലങ്ങളായി നിലനിൽക്കുന്നെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ, ജനാധിപത്യ പ്രക്രിയയിൽ അവസാന ആശ്രയമെന്ന നിലയ്ക്കു മാത്രമേ ജുഡീഷ്യറിയുടെ ഇടപെടൽ ആവശ്യമുള്ളൂ. അതുപോലൊരു കേസാണിത്. അനിശ്ചിതത്വം ഇല്ലാതാക്കി സുസ്ഥിരസർക്കാരുണ്ടാവാനും അതുവഴി ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താനും കുതിരക്കച്ചവടം തടയാനുമാണ് ഈ കേസിൽ ഇടക്കാല ഉത്തരവിറക്കുന്നത്. -വിധിയിൽ സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ 1. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ വിശ്വാസവോട്ടെടുപ്പ് നടത്തണം 2. പ്രോട്ടെം സ്പീക്കർക്കായിരിക്കും ഇതിന്റെ ചുമതല 3. രഹസ്യബാലറ്റ് പാടില്ല. എം.എൽ.എ.മാർ ആരെ പിന്തുണയ്ക്കുന്നെന്നു വ്യക്തമാകുന്ന വിധമാവണം നടപടിക്രമം 4. വീഡിയോയിൽ റെക്കോഡ് ചെയ്യണം. തത്സമയസംപ്രേഷണം നടത്തണം Content Highlights:Maharashtra Devendra Fadnavis


from mathrubhumi.latestnews.rssfeed https://ift.tt/34qnKDr
via IFTTT