ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തിൽ നാല് ലോറിത്തൊഴിലാളികൾ അറസ്റ്റിൽ. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോൾപ്ളാസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികൾ യുവതിയെ കീഴടക്കാൻ പദ്ധതി ആസൂത്രണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു. പിന്നാലെ മറ്റ് മൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ പാൽവിൽപ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കുറ്റവാളികൾക്കെതിരെ കർക്കശനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും നഗരഭരണമന്ത്രിയുമായ കെ.ടി. രാമറാവുവും പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ചു. സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മിഷൻ (എൻ.സി.ഡബ്ല്യു.) സമിതി രൂപവത്കരിച്ചു. കുറ്റക്കാർക്കെതിരേ പോലീസും ജുഡീഷ്യറിയും മാതൃകാപരമായ നടപടിയെടുക്കണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് ഹൈദരാബാദ് പോലീസിന് അവർ കത്തയച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ കൊല്ലപ്പെട്ട വനിതാ മൃഗഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവന വിവാദത്തിൽ. സഹോദരിയെ വിളിക്കുന്നതിനുപകരം ഡോക്ടർ അടിയന്തര പ്രതികരണനമ്പറായ 100-ൽ പോലീസിനെ വിളിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്നാണ് മന്ത്രി പറഞ്ഞത്. ''തെലങ്കാനയിൽ കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗരൂകരാണ്. കഴിഞ്ഞ ദിവസംനടന്ന സംഭവത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്. കൊല്ലപ്പെട്ട ഡോക്ടർ വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. എന്നിട്ടും അവർ സഹായത്തിനായി സഹോദരിയെ വിളിച്ചത് നിർഭാഗ്യകരമായി. 100-ൽ വിളിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'' -മന്ത്രി പറഞ്ഞു. content highlights:Telangana Veterinary doctor rape and murder: three arrested
from mathrubhumi.latestnews.rssfeed https://ift.tt/33EgwuA
via
IFTTT