Breaking

Friday, November 29, 2019

ഉദ്ധവ്: ശാന്തനായ കടുവ

മുംബൈ: ബി.ജെ.പി.യെക്കാൾ വലിയ ഹിന്ദുത്വവാദികൾ തങ്ങളാണെന്ന് ആവർത്തിച്ചിരുന്ന ശിവസേനയുടെ നേതാവ് മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യത്തിൽ ആണയിട്ടുകൊണ്ടാണ് മഹാരാഷ്ട്രയുടെ പതിനെട്ടാം മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേറ്റത്. പ്രാദേശികവാദവും പച്ചയായ വർഗീയതയുംപറഞ്ഞ് സംസ്ഥാനത്തെ കലാപകലുഷമാക്കിയിരുന്ന പാർട്ടിയെ മെരുക്കിയെടുത്ത് ജനകീയമുഖം നൽകിയ ഈ സൗമ്യശീലൻ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമാറ്റങ്ങളുടെ പതാകാവാഹകനാവുകയാണ്.ഭരണത്തിലിരിക്കുന്നത് ആരായാലും മുംബൈയുടെ യഥാർഥ ഭരണാധികാരി ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയാണ് എന്നു കരുതപ്പെട്ടിരുന്നകാലത്ത് രാഷ്ട്രീയത്തിലൊന്നും ശ്രദ്ധിക്കാതെ ഫോട്ടോഗ്രാഫിയിൽ ഹരംപിടിച്ചുനടക്കുകയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാം മകനായ ഉദ്ധവ് താക്കറെ. ശിവസേനയുടെ പ്രതീകമായ കടുവയ്ക്കുപിന്നാലെ പോകുന്നതിനെക്കാൾ, കാട്ടിൽപോയി യഥാർഥ കടുവയുടെ ചിത്രമെടുക്കുന്നതിലായിരുന്നു ഉദ്ധവിന് താത്‌പര്യം. ജെ.ജെ. സ്കൂൾ ഓഫ് ആർട്‌സിൽനിന്ന് ബിരുദം നേടിയിറങ്ങിയ, ഉൾവലിഞ്ഞ പ്രകൃതമുള്ള ഈ ചെറുപ്പക്കാരന് താക്കറെയുടെ പിൻഗാമിയാകാൻ കഴിയുമെന്ന് കുടുംബാംഗങ്ങൾപോലും കരുതിയതുമില്ല. മൂത്തചേട്ടൻ ബിന്ദു മാധവ് വാഹനാപകടത്തിൽ മരിക്കുകയും രണ്ടാമത്തെയാളായ ജയദേവ് കുടുംബവുമായി പിണങ്ങുകയുംചെയ്തപ്പോൾ ബാൽ താക്കറെയുടെ സഹോദരപുത്രൻ രാജ് താക്കറെ ശിവസേനയുടെ തലപ്പത്തെത്തുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. പ്രകൃതത്തിലും പെരുമാറ്റത്തിലും ബാൽ താക്കറെയുടെ തനിപ്പകർപ്പായിരുന്നൂ രാജ്. ഉദ്ധവിനാകട്ടെ അധികം സംസാരിക്കുന്നതുപോലും ഇഷ്ടമല്ല. പക്ഷേ, ഏറെ വൈകി, 2002-ൽ മുംബൈ നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണച്ചുമതലയേറ്റുകൊണ്ട് ഉദ്ധവ് രാഷ്ട്രീയപ്രവർത്തനം തുടങ്ങി. ആ തിരഞ്ഞെടുപ്പിൽ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 2003-ൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2004-ൽ ഉദ്ധവിനെ അടുത്ത പാർട്ടി അധ്യക്ഷനായി ബാൽ താക്കറെ പ്രഖ്യാപിച്ചു. ഉദ്ധവിന്റെ സ്ഥാനാരോഹണത്തിൽ പ്രതിഷേധിച്ച് രാജ് താക്കറേ പുതിയ പാർട്ടിയുണ്ടാക്കുകയും ബാൽ താക്കറെ മരിക്കുകയുംചെയ്തതോടെ ദുർബലനേതൃത്വത്തിനുകീഴിൽ, പതുക്കെയെങ്കിലും ശിവസേന തകരുമെന്നായിരുന്നു രാഷ്ട്രീയനിരീക്ഷകരുടെ പ്രവചനം. ബാൽ താക്കറെയില്ലാത്ത ശിവസേനയെ എളുപ്പം മറികടക്കാമെന്ന് സഖ്യകക്ഷിയായ ബി.ജെ.പി. കരുതിയതോടെ ഇരുകക്ഷികളും തമ്മിലുള്ള വടംവലി തുടങ്ങി.മറാഠികൾ ആരാധിക്കുന്ന ഛത്രപതി ശിവാജിയുടെ പോരാളികൾ എന്ന അർഥത്തിലാണ് 1966-ൽ രൂപംകൊണ്ട സംഘടനയ്ക്ക് ബാൽ താക്കറെ ശിവസേന എന്നു പേരിട്ടത്. ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിന്റെ മൗനാനുവാദത്തോടെ വളർന്ന് മണ്ണിന്റെ മക്കൾ വാദമുയർത്തി മഹാരാഷ്ട്രയിൽ കൊടുങ്കാറ്റു പരത്തിയ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി. മഹാരാഷ്ട്രയിൽ വേരുപിടിപ്പിച്ചത്. മുംബൈ നഗരസഭയിലും സംസ്ഥാനത്തും ഒന്നാംസ്ഥാനം ശിവസേനയ്ക്കു നൽകി രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടുകയാണ് കാൽനൂറ്റാണ്ടുകാലമായി ബി.ജെ.പി. ചെയ്തുപോന്നത്. എന്നാൽ, സമാന പ്രത്യയശാസ്ത്രം പിന്തുടരുന്ന ശിവസേനയെ ഒതുക്കാതെ മഹാരാഷ്ട്രയിൽ വളരാനാവില്ലെന്ന് ബി.ജെ.പി.യുടെ പുതിയ നേതൃത്വം വിലയിരുത്തി. ശിവസേനയെ പിന്തള്ളി മുംബൈ മഹാനഗരത്തിലും സംസ്ഥാനത്തും ആധിപത്യമുറപ്പിക്കാൻ ബി.ജെ.പി. പദ്ധതികൾ ആസൂത്രണംചെയ്തു.അന്യനാട്ടുകാരോടുള്ള വിദ്വേഷവും തീവ്രവർഗീയതയും ഇളക്കിവിട്ട് ബി.ജെ.പി.യെ നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഉദ്ധവിനെ വ്യത്യസ്തനാക്കുന്നത്. രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമാൺ സേന ബാൽ താക്കറെയുടെ തീവ്രനിലപാടുകളിലൂടെ നേട്ടംകൊയ്യാൻ ശ്രമിച്ചപ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചും കർഷകപ്രശ്നങ്ങളിൽ ഇടപെട്ടും ജനകീയ പാർട്ടിയെന്ന പ്രതിച്ഛായ ശിവസേനയ്ക്കു നേടിക്കൊടുക്കാൻ ഉദ്ധവിനു കഴിഞ്ഞു. അതിന്റെ തുടർച്ചയാണ് ഉദ്ധവിന്റെ സ്ഥാനാരോഹണം. ഇതിനുമുമ്പ് മനോഹർ ജോഷിയും നാരായൺ റാണേയും ശിവസേനയിൽനിന്നു മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുണ്ടെങ്കിലും അധികാരത്തിൽനിന്ന് ഒഴിഞ്ഞുനിന്ന ബാൽ താക്കറെയാണ് അന്ന് പിന്നിലിരുന്ന് ഭരണം നിയന്ത്രിച്ചിരുന്നത്. താക്കറെ കുടുംബത്തിൽനിന്ന് ആദ്യമായൊരാൾ മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ പക്ഷേ, ഭരണത്തിന്റെ നിയന്ത്രണം പുതിയ സഖ്യകക്ഷിയായ എൻ.സി.പി.യുടെ നേതാവ് ശരദ് പവാറിനായിരിക്കും എന്നുമാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/2XULI7q
via IFTTT