Breaking

Wednesday, November 27, 2019

ബെഞ്ചമിൻ വധം: സൂത്രധാരന് 27 വർഷത്തിനുശേഷം ജീവപര്യന്തം

തൊടുപുഴ: 27 വർഷം മുമ്പ് ടാക്സി ഡ്രൈവറെ കൊന്ന് കാർ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. ഗൂഡല്ലൂർ സുബ്ബയ്യതേവർ തെരുവിൽ ശെൽവരാജിനെയാണ്(സെവൻആണ്ടി-60) കുറ്റക്കാരനെന്നുകണ്ട് തൊടുപുഴ ഫസ്റ്റ്് അഡീഷണൽ സെഷൻസ് ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചത്. ഉത്തമപാളയം തെക്കുതെരുവിൽ എൻ.എസ്.മരുതനായകത്തിന്റെ മകൻ എൻ.എം.ബെഞ്ചമിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വിചാരണയ്ക്കുമുമ്പ് ജാമ്യത്തിലിറങ്ങിയ ശെൽവരാജ് 25 വർഷം ഒളിവിലായിരുന്നു. കേസിലെ മറ്റു പ്രതികളെ 1995-ൽത്തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017 ഒാഗസ്റ്റിലാണ് ഗൂഡല്ലൂരിൽ ഒളിവിൽ താമസിക്കുകയായിരുന്ന ശെൽവരാജിനെ കമ്പംമെട്ട് പോലീസ് പിടികൂടിയത്. ആ വർഷംതന്നെ വിചാരണയും തുടങ്ങി. ശെൽവരാജാണ് ഒന്നാംപ്രതിക്കൊപ്പം ചേർന്ന് കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതെന്ന് സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം നടന്ന് ഇത്രയും വർഷമായതിനാൽ കേസിലെ 45 സാക്ഷികളിൽ പലരും മരണപ്പെട്ടിരുന്നു. അതിനാൽ പതിനഞ്ച് സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനായത്. ഫസ്റ്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി.മാത്യുവാണ് ഹാജരായത്. കാർ തട്ടിയെടുക്കാൻ കൊലപാതകം 1992 ജൂലായ് എട്ടിനാണ് കൊലപാതകം നടന്നത്. നെടുങ്കണ്ടത്ത് ടാക്സി ഡ്രൈവറായിരുന്നു ബെഞ്ചമിൻ. ഇവിടത്തെ ആശുപത്രിയിൽ ചികിത്സയ്ക്കെന്ന വ്യാജേനയാണ് ടാക്സി വിളിച്ചത്. കുട്ടികളും സ്ത്രീകളും ഉൾെപ്പടെയുള്ളവരെ പാമ്പാടുംപാറയിൽ എത്തിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. യാത്രാമധ്യേ പുളിയംമല മാമൂടിന് സമീപമുള്ള വിജനമായ സ്ഥലത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കി ബെഞ്ചമിനെ കൊലപ്പെടുത്തി. മൃതദേഹം സന്ന്യാസിയോടയ്ക്ക് സമീപമുള്ള ഏലക്കാട്ടിൽ ഉപേക്ഷിച്ച് കാറുമായി തമിഴ്നാട്ടിലേക്ക് കടന്നു. അന്നത്തെ കുമളി സി.ഐ. കെ.സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. രണ്ട് സ്ത്രീകളടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവർ തമിഴ്നാട്ടിലെ ഒരു റിട്ട. വില്ലേജോഫീസർക്ക് വിറ്റ കാറും കണ്ടെത്തി. ശെൽവരാജിന്റെ പക്കൽനിന്ന് കാറിന്റെ രേഖകളും പിടിച്ചെടുത്തു. എന്നാൽ വിചാരണയ്ക്കുമുമ്പ് ജാമ്യത്തിലിറങ്ങിയ ശെൽവരാജ് മുങ്ങി. ഇയാളുടെ അഭാവത്തിലാണ് മറ്റ് പ്രതികളുടെ വിചാരണ പൂർത്തിയാക്കിയത്. ഒന്നാം പ്രതി രാജേന്ദ്രൻ, മൂന്നാം പ്രതി കൗട്ട രാജേന്ദ്രൻ, ആറാം പ്രതി ലിസി, ഏഴാം പ്രതി അന്നമ്മ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാലും അഞ്ചും പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചു. content highlights: Benjamin murder Thodupuzha


from mathrubhumi.latestnews.rssfeed https://ift.tt/2sl9ptY
via IFTTT